കൊളംബോ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപവത്കരിക്കാനൊരുങ്ങി ശ്രീലങ്ക. നിയുക്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും.”- വിക്രമസിംഗെ പറഞ്ഞു.
“അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഒരുങ്ങണം.” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനകീയപ്രക്ഷോഭത്തെതുടർന്ന് മഹിന്ദ രാജപക്സെയ്ക്ക് പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇതേത്തുടർന്നാണ് റനിൽ വിക്രമസിംഗയെ തൽസ്ഥാനത്തേക്ക് നിയമിക്കാൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ തീരുമാനിച്ചത്. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഏക പാർലമെന്റ് അംഗമാണ് അദ്ദേഹം.