തൃശ്ശൂര്‍: ഗുരുവായൂരപ്പന്റെ മണ്ണില്‍ ഭക്തിനിര്‍ഭരമായ ചലനങ്ങള്‍ കൊണ്ട് കാണികളെ വിസ്മയിപ്പിച്ച് എറണാകുളം സ്വദേശിനി മഹാലക്ഷ്മി അനൂപ്. വൈശാഖമാസ ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് മഹാലക്ഷ്മി മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ചത്. മഞ്ജുളയുടെ കൃഷ്ണഭക്തിയും മഞ്ജുളാലിന്റെ ഐതിഹ്യവും വര്‍ണ്ണിക്കുന്ന ഗണേശസ്തുതിയിലൂടെ ആരംഭിച്ച കച്ചേരി ഏറെ ശ്രദ്ധേയമായി.
തഞ്ചാവൂര്‍ ശങ്കരയ്യര്‍ രചിച്ച മഹാദേവ ശിവാശംഭോ എന്ന രേവതി രാഗത്തിലുള്ള പദവും, സാരമതി രാഗത്തിലുള്ള വര്‍ണ്ണവും, മോഹിനിയാട്ടക്കച്ചേരിയില് അവതിരിപ്പിക്കപ്പെട്ടു. യശശരീരയായ കവയിത്രി സുഗതകുമാരിയുടെ ‘കൃഷ്ണാ നീയെന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്ക്കാരം കച്ചേരിയിലെ വേറിട്ട അനുഭവമായി. സ്വാതിതിരുനാള്‍ രചിച്ച ധനശ്രീ തില്ലാനയോട് കൂടിയാണ് കച്ചേരി സമാപിച്ചത്.
പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയാണ് മഹാലക്ഷ്മിയുടെ ഗുരു. വിദേശത്തടക്കം ശിഷ്യരുള്ള മഞ്ജുഘോഷ മോഹിനിയാട്ടക്കളരിയുടെ ഡയറക്ടര്‍ കൂടിയായ മഹാലക്ഷ്മി ഇതിനോടകം തന്നെ രാജ്യത്തെ പല പ്രധാന വേദികളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍സിന്റെ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസറായ അനൂപ് നായരാണ് ഭര്‍ത്താവ്. രണ്ട് കുട്ടികളുമുണ്ട്.