സംസ്ഥാനത്തിന്റെ ഇതുവരെയുള്ള കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്നും, കേന്ദ്ര സർക്കാർ എടുത്തിള്ളതിനേക്കാൾ വളരെ കുറവ് നിലയിൽ മാത്രമേ കേരളം കടമെടുപ്പ് നടത്തിയിട്ടുള്ളൂവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ സാമ്പത്തിക വർഷം കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച പ്രശ്നത്തിൽ ഉടൻ പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
5,000 കോടി രൂപ അഡ്ഹോക്കായി വായ്പെയെടുക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽത്തന്നെ കടമെടുപ്പു സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകേണ്ടതായിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ ഇതുവരെ സ്വീകരിച്ചുപോരുന്ന രീതികൾക്കു വിരുദ്ധമായ ചില കാര്യങ്ങളിൽ കേന്ദ്രം ഇപ്പോൾ ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ കേന്ദ്രത്തിനു ചെയ്യാനാകൂ. കേരളത്തെപ്പോലെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടും കേന്ദ്രം ഇതേ കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 6.9 ശതമാനമാണു കേന്ദ്ര സർക്കാർ ഇപ്പോൾ കടമെടുത്തിരിക്കുന്നത്. മൂന്നു ശതമാനമാണു കടമെടുപ്പു പരിധി. കോവിഡ് മഹാമാരിക്കാലത്ത് ഇത് അഞ്ചു ശതമാനമാക്കിയിരുന്നു. പിന്നീട് ഉപാധികളോടെ ഇത് 4.5 ശതമാനമാക്കി. മൂന്നു ശതമാനമെന്ന സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെങ്കിൽ ഇത്രയധികം വായ്പയെടുക്കാൻ കഴിയില്ല. കേരളം നിയമത്തിനുള്ളിൽനിന്നു മാത്രമേ കാര്യങ്ങൾ ചെയ്തിട്ടുള്ളൂ. പരിധിക്കുള്ളിൽനിന്നു മാത്രമേ കടമെടുപ്പ് നടത്തിയിട്ടുള്ളൂ.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ(എൻ.എസ്.ഒ.) പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് നാണ്യപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. നിയന്ത്രണമില്ലാതെ കടമെടുപ്പു നടത്തിയാണു മുന്നോട്ടുപോയിരുന്നതെങ്കിൽ ഈ നിലയിൽ കേരളത്തിന് എത്താൻ കഴിയുമായിരുന്നില്ല. ഭക്ഷ്യധാന്യങ്ങളടക്കമുള്ള വസ്തുക്കൾക്കു മറ്റു നാടുകളെ ആശ്രയിക്കുന്ന ഒരു സംസ്ഥാനത്തിനാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നാണു പ്രത്യേകത. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നുവെന്നതിന്റെ തെളിവാണിത്. എടുക്കുന്ന വായ്പകളും അതുപോലെതന്നെയാണ്.
പൊതുവായ കാര്യങ്ങൾക്കാണു കടമെടുക്കുന്നത്. 70 വർഷത്തെ ചരിത്രത്തിൽ കടമെടുത്തതിന്റെ തിരിച്ചടവിൽ കേരളം ഇന്നേവരെ വീഴ്ചവരുത്തിയിട്ടില്ല. വലിയ ബുദ്ധിമുട്ടുവരുമ്പോഴും തിരിച്ചടവിൽ വീഴ്ചവരുത്താതെ മുന്നോട്ടുപോകാൻ കഴിഞ്ഞു. പദ്ധതി വിനിയോഗം ഏറ്റവും കൂടുതൽ നടത്തിയ വർഷമാണു കടന്നുപോയത്. കോവിഡിന്റെ സാഹചര്യത്തിൽ എല്ലാ മേഖലകളിലും പണം എത്തിക്കണമെന്നതായിരുന്നു സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഇതു പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.