പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മദ്ധ്യ ഏഷ്യയിലെ ഒരു മുസ്ലീം രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. തൊണ്ണൂറുകളുടെ അവസാനം വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യത്തിന് 1991 ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. ലോകത്തെ ഏറ്റവും ഇടുങ്ങിയ ചിന്താഗതിക്കാരുള്ള ഒരു രാജ്യമെന്നാണ് ഇതിനെ പലപ്പോഴും മറ്റുള്ളവർ വിശേഷിപ്പിക്കാറുള്ളത്. ഇവിടെ ഇന്റർനെറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സമൂഹ മാദ്ധ്യമങ്ങൾക്ക് ഇവിടെ പൂർണ നിരോധനമാണുള്ളത്. വിചിത്ര നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന ഒരു രാജ്യം കൂടിയാണ് തുർക്കമെനിസ്ഥാൻ.
ഇവിടെ സ്ത്രകൾക്ക് ടാക്സികളിൽ മുൻ സീറ്റിലിരിക്കാൻ അനുവാദമില്ല, ഒപ്പം തന്നെ കുടുംബാംഗങ്ങളില്ലാതെ ടാക്സിയിൽ കയറാനും പാടില്ല. ഇത്തരം കാര്യങ്ങൾ രാഷ്ട്രത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണ്. മാത്രമല്ല ഇത് ലജ്ജാകരവും പാപവുമാണെന്നാണ് ഔദ്യോഗികമായി ഭരണകൂടം നൽകുന്ന വിശദീകരണം. 2018 മുതൽ ഇവിടെ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് സർക്കാർ നിറുത്തലാക്കി. സ്ത്രീകളാണ് രാജ്യത്ത് വാഹനാപകടങ്ങൾ കൂടാൻ കാരണമെന്ന് പറഞ്ഞാണ് ഈ വിലക്ക് കൊണ്ടുവന്നത്. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഇവിടെ ചില വിലക്കുകളുണ്ട്. സ്ത്രീകൾ ജീൻസ് പോലുള്ള ഇറുകിയ വസ്ത്രങ്ങളും, നീന്തൽ വസ്ത്രങ്ങളും ധരിക്കാൻ പാടില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ആൾക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ള യാതൊരു ഒരു വസ്ത്രവും ഇവിടെ സ്ത്രീകളും പുരുഷന്മാരും ധരിക്കാൻ പാടില്ല.
ഇതിന് പുറമേ സൗന്ദര്യത്തിന്റെ കാര്യത്തിലും ചില നിരോധനങ്ങൾ കൂടി ഭരണകൂടം സ്ത്രീകൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ പാടില്ല എന്നാണ് സർക്കാരിന്റെ നിലപാട്. സ്തനങ്ങൾ, ചുണ്ടുകൾ, പുരികം തുടങ്ങിയ ഭാഗങ്ങളിൽ യാതൊരു തരത്തിലുള്ള കൃത്രിമത്വങ്ങളും കോസ്മെറ്റിക് (സൗന്ദര്യ വർദ്ധക) ശസ്ത്രക്രിയകളും നടത്താൻ പാടില്ല.മാത്രമല്ല മുടി, നഖം, കൺപീലി എന്നീ ഭാഗങ്ങളിൽ ചായം പൂശാനും പാടില്ല. കൺപീലിയും നഖങ്ങളും നീട്ടാനോ ചുണ്ടുകളിൽ ടാറ്റു ചെയ്യാനോ ബ്യൂട്ടി ഇഞ്ചെക്ഷനുകൾ എടുക്കാനോ മുടി ഡൈ ചെയ്യാനോ സ്ത്രീകൾക്ക് അനുവാദമില്ല. ഇത്തരം കാര്യങ്ങളിൽ സർക്കാരിന്റെ വിലക്ക് ലംഘിക്കുന്ന ബ്യൂട്ടി പാർലർ ഉടമകൾക്ക് 1000 മനാറ്റ് (285 ഡോളർ) പഴയോ 15 ദിവസം വരെ തടവോ ലഭിച്ചേക്കാം.
തുർക്കമെൻ പരമ്പരാഗത മൂല്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിദേശ പ്രവണതകൾ നിരോധിക്കുന്നതിന്റെ ഭാഗമായാണ് സൗന്ദര്യ സേവനങ്ങളും നിരോധിച്ചിരിക്കുന്നത്. ഈ നിയന്ത്രണങ്ങളുടെ ഫലമായി പല സ്ത്രീകൾക്കും ജോലി നഷ്ടപ്പെടുകയുണ്ടായി. ഇത്തരം സൗന്ദര്യ വർദ്ധക വസ്തുക്കൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനൊപ്പം 140 ഡോളർ പിഴയൊടുക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ ഒരു സാധാരണക്കാരന്റെ പ്രതിമാസ ശമ്പളത്തിന്റെ പകുതിയാണ് ഈ തുക. തന്റെ പിതാവിന്റെ പിൻഗാമിയായി രാജ്യത്തെ പ്രസിഡന്റ് സ്ഥാനത്തെത്തിയ സെർദാർ ബെർഡിമുഖ്ഹമെഡോവാണ് ഇത്തരം നിയന്ത്രണങ്ങൾ കർശനമാക്കിയത്. എന്നാൽ ഈ നിയന്ത്രണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സോവിയറ്റ് യൂണിയൻ ആശയങ്ങളുടെ അതിപ്രസരം ഇല്ലാതാക്കാനും രാഷ്ട്രത്തിന്റെ പാരമ്പര്യത്തിലേക്ക് മടങ്ങാനുമാണ് ഈ നിയന്ത്രണങ്ങളൊക്കെ ഏർപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. തുർക്ക്മെനിസ്ഥാന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ 29 പ്രകാരം രാജ്യത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ സിവിൽ അവകാശങ്ങളാണുള്ളത്. 1995 ൽ ബീജീംഗിൽ നടന്ന സ്ത്രീകൾക്കായുള്ള സമത്വത്തിനും വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള പരിവർത്തനം എന്ന ആഗോള രാജ്യങ്ങളുടെ സമ്മേളനത്തിൽ തുർക്ക്മെനിസ്ഥാനും പങ്കെടുത്തിരുന്നു. തുർക്ക്മെനിസ്ഥാൻ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ 189 രാജ്യങ്ങളും ബീജിംഗ് കരാറിനെയും പ്രവർത്തന സംവിധാനത്തെയും പിന്തുണയ്ക്കാൻ ധാരണയായി. ഇത് കൂടാതെ 1997ൽ സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കരാറിലും തുർക്ക്മെനിസ്ഥാൻ ഒപ്പുവച്ചു.
2021-2025 കാലഘട്ടത്തിലേക്കുള്ള ലിംഗസമത്വത്തിനായുള്ള പദ്ധതിയും രാജ്യം നടപ്പിലാക്കിയിട്ടുണ്ട്. മാത്രമല്ല 2020 – 2024 കാലയളവിൽ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ എക്സിക്യൂട്ടീവ് ബോർഡിലും 2021ഏപ്രിൽ 20 മുതൽ തുർക്ക്മെനിസ്ഥാൻ അംഗമാണ്. ഇതിനെല്ലാം പുറമേ രാജ്യത്തെ സ്ത്രീകളും പെൺകുട്ടികളും ഗാർഹിക പീഡനം, ലൈംഗികാതിക്രമം, മനുഷ്യക്കടത്ത്, കന്യകാത്വ പരിശോധനകൾ, നിർബന്ധിത വിവാഹങ്ങൾ എന്നിവയ്ക്കെല്ലാം നിരന്തരമായി വിധേയരാകുന്നുമുണ്ട്. വിവേചനപരമായ നടപടികളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, തുർക്ക്മെനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നും വാക്കുകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.