കോൺഗ്രസ് ചിന്തൻ ശിബിരത്തിനു സമാപനം. ശിബിരത്തിന്റെ സമാപന സമ്മേളനത്തിൽ സോണിയയ്ക്കു പുറമേ രാഹുൽ ഗാന്ധി മാത്രമാണു പ്രസംഗിച്ചത്. ജി 23 സംഘത്തിലെ ഏതാനും നേതാക്കളൊഴികെ എല്ലാവരും രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതോടെ, ഓഗസ്റ്റിലെ സംഘടനാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് കാര്യമായ എതിരാളികളില്ല എന്നാണ് പ്രതീക്ഷ.
ജനങ്ങളുമായി കോൺഗ്രസിനുണ്ടായിരുന്ന ബന്ധം നഷ്ടമായെന്നും അതു തിരിച്ചുപിടിക്കാൻ കുറുക്കുവഴികളില്ലെന്നും ‘പ്രായഭേദമെന്യേ എല്ലാ നേതാക്കളും ജനങ്ങൾക്കൊപ്പം സമയം ചെലവിടണം. ബിജെപിക്കും ആർഎസ്എസിനുമെതിരെ ഞാൻ നടത്തുന്നത് എന്റെ ജീവിതത്തിന്റെ പോരാട്ടമാണ്. ഒരു പൈസയുടെ പോലും അഴിമതി നടത്താത്ത എനിക്ക് ആരെയും ഭയമില്ല. ബിജെപി നശിപ്പിച്ച ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി രക്ഷിക്കണം’ എന്നാണ് രാഹുൽ പറഞ്ഞത്.
ഇന്ത്യയെ ഒന്നിപ്പിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുലിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പദയാത്ര നടത്തും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങും.സാധ്യമായിടത്തെല്ലാം സ്വന്തം നിലയിൽ കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം പ്രായോഗികമായ സഖ്യങ്ങൾക്കും കൈകൊടുക്കാമെന്ന രാഷ്ട്രീയ നിലപാട് ശിബിരം അംഗീകരിച്ചു.