ദോഹ: രാജ്യത്തെ കാലാവസ്ഥ തണുപ്പ് വിട്ട് ചൂടിലേക്ക് മാറിതുടങ്ങിയ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലെ സുരക്ഷിതത്വ നിർദേശവുമായി മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ പകൽസമയങ്ങളിൽ ചൂട് കൂടിതുടങ്ങുകയും, പൊടിക്കാറ്റ് ഉൾപ്പെടെ ആഞ്ഞുവീശുകയും ചെയ്തതോടെയാണ് എല്ലാ തൊഴിലാളികളും ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ചത്.
ജോലി സ്ഥലങ്ങളിൽ ചൂടിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കണം. കാറ്റിെൻറ വേഗത മനസ്സിലാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുകയും, ശക്തമായ കാറ്റ് അടിക്കുന്നത് തിരിച്ചറിയുമ്പോൾ ക്രെയിൻ പ്രവർത്തനം ഉൾപ്പെടെയുള്ളവ നിർത്തിവെക്കുകയും ചെയ്യണം. എല്ലാ തൊഴിൽ മേഖലയിലെയും, പ്രത്യേകിച്ച് നിർമാണ മേഖലയിലെയും സുരക്ഷ കർശനമായി പാലിക്കണം. സുരക്ഷ മാർഗനിർദേശം പാലിച്ചോ എന്ന് ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങളിലും മറ്റും പരിശോധന നടത്തും.
വേനലിൽ പുറം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികളിലൂടെ നിർജലീകരണം, സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞ വർഷങ്ങളിൽ മന്ത്രാലയത്തിന് കഴിഞ്ഞിരുന്നു. 2019, 2020 വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ചൂട്കൊണ്ടുള്ള പ്രയാസങ്ങൾ കാര്യമായി കുറച്ചു.