കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 600 കിലോഗ്രാം ഹാഷിഷും 130 കിലോഗ്രാം ക്രിസ്റ്റൽ മെത്തും വിദേശത്ത് നിന്ന് കുവൈത്തിലേക്ക് കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളാണ് അധികൃതരുടെ ഇടപെടലുകളിലൂടെ തടയാൻ സാധിച്ചത്.
600 കിലോഗ്രാം ഹാഷിഷുമായെത്തിയ ഒരു ബോട്ട് കുവൈത്ത് കോസ്റ്റ് ഗാർഡാണ് കണ്ടെത്തിയത്. കുവൈത്തിന്റെ സമുദ്ര അതിർത്തിയിൽ പ്രവേശിച്ച് രാജ്യത്തെ ഒരു ദ്വീപിലേക്ക് കടക്കാനൊരുങ്ങിയ അജ്ഞാത ബോട്ടിനെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിൽ റഡാറിലൂടെയാണ് കണ്ടെത്തിയത്. തുടർന്ന് കുവൈത്ത് വ്യോമസേനയുടെയും ഫയർ ഡിപ്പാർട്ട്മെന്റ്, മാരിടൈം റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് എന്നിവയുടെയും സഹകരണത്തോടെ ബോട്ട് കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.
അതേസമയം 130 കിലോഹ്രാം ക്രിസ്റ്റൽ മെത്തുമായി മൂന്ന് ഇറാൻ സ്വദേശികളും രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. കുവൈത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടന്ന ഈ ബോട്ടും റഡാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ ശേഷം പിടികൂടുകയായിരുന്നു.