ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 24 റൺസ് വിജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്.
ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ രാജസ്ഥാനും ലഖ്നൗവിനും 13 മത്സരങ്ങളില്‍ 16 പോയിന്റായി. എന്നാല്‍ രാജസ്ഥാനാണ് രണ്ടാമത്. കുറഞ്ഞ റണ്‍റേറ്റുള്ള ലഖ്നൌ മൂന്നാമതാണ്. കൊല്‍ക്കത്തയ്ക്കെതിരെയാണ് ലഖ്നൗവിന്റെ അവസാന മത്സരം. രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്സാണ് എതിരാളി.
നാലോവറിൽ റൺസ് വിട്ടു നൽകി രണ്ടു വിക്കറ്റാണ് ബോൾട്ട് വീഴ്ത്തിയത്. ക്വിൻറൺ ഡിക്കോക്ക്(7), ആയുഷ് ബദോനി (0) എന്നിവരാണ് ബോൾട്ടിന് മുമ്പിൽ വീണത്. ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ കെ.എൽ. രാഹുൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ജയ്സ്വാൾ പിടിച്ച് പുറത്തായി. 10 റൺസായിരുന്നു നായകന്റെ സമ്പാദ്യം. പിന്നീട് ദീപക് ഹൂഡയും ക്രൂണാൽ പാണ്ഡ്യയും ഒത്തുചേർന്നതോടെ ലഖ്നൗ വിജയതീരമണയുമെന്ന് തോന്നി. എന്നാൽ അശ്വിന്റെ പന്തിൽ ബൗണ്ടറി ലൈനിൽ ബട്ലറിന്റെ സഹായത്തോടെ റിയാൻ പരാഗ് നേടിയ ക്യാച്ചിൽ പാണ്ഡ്യ പുറത്തായി. 23 പന്തിൽ 25 റൺസായിരുന്നു സമ്പാദ്യം. ഹൂഡ 5 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെ 59 റൺസ് നേടി പുറത്തായി. റൺസ് വാരിക്കൂട്ടിയ ഹൂഡയെ ചഹലിന്റെ പന്തിൽ സഞ്ജു സാംസൺ സ്റ്റംപ് ചെയ്യുകയായിരുന്നു. ഹൂഡയാണ് ലഖ്നൗവിന്റെ ടോപ് സ്കോറർ.
പാണ്ഡ്യ പുറത്തായതോടെ ഇറങ്ങി ഹൂഡക്ക് പിന്തുണ കൊടുക്കുകയും പിന്നീട് റൺസ് അടിച്ചു കൂട്ടുകയും ചെയ്ത സ്റ്റോണിസ് ഒരു ഫോറും രണ്ട് സിക്സും നേടി പുറത്തായി. 27 റൺസ് നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ പരാഗ് പിടിച്ചാണ് പുറത്തായത്.
ജേസൺ ഹോൾഡറിന്റെയും(1), ദുഷ്മന്ത് ചമീരയുടെയും(0) വിക്കറ്റ് ഒബെഡ് മക്കേയ്യും വീഴ്ത്തി.
നേരത്തെ, 29 പന്തില്‍ 41 റണ്‍സെടുത്ത യഷസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39), സഞ്ജു സാംസണ് (24 പന്തില്‍ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
രവി ബിഷ്ണോയ് രണ്ട് വിക്കറ്റെടുത്തു.