മനാമ: പൊടിക്കാറ്റുമൂലം നിരത്തുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
150 ലോഡ് മണലാണ് വിവിധ റോഡുകളിൽനിന്ന്, പൊതുഇടങ്ങളിൽനിന്ന് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ വീശിയ പൊടിക്കാറ്റ് മൂലം റോഡ് സൈഡുകളിലും മറ്റും മണൽ അടിഞ്ഞുകൂടിയിരുന്നു. ഇത് വാഹന ഗതാഗതത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്.
കൂടാതെ ഇലക്ട്രിക് ചൂൽ സംവിധാനമുള്ള വാഹനങ്ങളുപയോഗിച്ച് പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. ദക്ഷിണ ഗവർണറേറ്റ് പരിധിയിലെ മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റ് ബാധിച്ചിരുന്നു. ഇവിടെ 15 പരസ്യ ബോർഡുകൾ നിലം പതിച്ചു.
ഒടിഞ്ഞുവീണ മരച്ചില്ലകൾ എടുത്തുമാറ്റുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ട്രിക് ചൂൽ സംവിധാനമുള്ള വാഹനങ്ങൾ നിരത്തിൽ പ്രവർത്തിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.