തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ടു കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 17ന് (ചൊവ്വ) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 18ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളും ഓറഞ്ച് അലർട്ടുണ്ട്. 19ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 17–തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, 18–കോട്ടയം, ഇടുക്കി, 19– തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണു യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
ഇന്നത്തെ കാറ്റിലും മഴയിലും മരം വീണ് സംസ്ഥാനത്ത് 7 വീടുകള്‍ തകര്‍ന്നു. മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. അതേസമയം ഞായറാഴ്ച വൈകിട്ടോടെ മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി നിലവിൽ കുറഞ്ഞതാണ് ശമനത്തിന് കാരണം.
തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്റെ മതില് തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. പട്ടം മുട്ടടയില്‍ ചൈതന്യ ഗാര്‍ഡന്‍സിലെ ചില വീടുകളില്‍ വെള്ളം കയറി. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി മരം വീണ് ഏഴുവീടുകള്‍ തകര്‍ന്നു.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെ.മീ വീതം ഉയർത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൺട്രോൾ റൂമിന് പുറമെ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും.രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. മുൻകരുതൽ നടപടിയുടെ ഭാഗമായി അരക്കോണത്ത് നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. ഇവരെ അഞ്ച് ജില്ലകളിലായി വിന്യസിക്കും.