കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഗുണ്ട അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം ശ്രീവിശാഖത്തിൽ വിഷ്ണു(28)വിനാണ് കുത്തേറ്റത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്ന സി.പി.എം നെട്ടയക്കോണം ബ്രാഞ്ചംഗം കണ്ണന്റെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അക്രമം.
മംഗലപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് കുത്തിയതെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. മുതുകിൽ കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസിംഖാന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നയാളാണ് വിഷ്ണു എന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
പരിക്ക് ഗുരുതരമല്ലെന്നാണ് നിഗമനം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് ശേഷം ജാസിം ഖാൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.