വഴിക്കടവ് (മലപ്പുറം): മകളെ ഭാര്യസഹോദരൻ പീഡിപ്പിച്ചെന്ന വ്യാജ പോക്സോ പരാതി നൽകിയ പിതാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവൈരാഗ്യം തീർക്കാൻ നാല് വയസ്സുകാരിയായ മകളെ ഭാര്യസഹോദരൻ പീഡിപ്പിച്ചെന്ന് ജനുവരിയിൽ പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് ഭാര്യസഹോദരനെതിരെ പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടെ, അന്വേഷണത്തിൽ കാലതാമസം വരുത്തുന്നെന്നാരോപിച്ച് കുട്ടിയുടെ പിതാവ് കലക്ടർക്ക് പരാതി നൽകി. തുടക്കത്തിലേ സംശയം തോന്നിയതിനാൽ പരാതിയിൽ പൊലീസ് സൂക്ഷ്മപരിശോധന നടത്തി.കുട്ടിയെയും മാതാവിനെയും പൊലീസ് ശാസ്ത്രീയമായി ചോദ്യം ചെയ്തു.
ഇരുവരും കോടതി മുമ്പാകെ നൽകിയ മൊഴികളിൽ പിതാവ് വ്യാജമൊഴി പറയിപ്പിച്ചതാണെന്ന് തെളിഞ്ഞു. ഇതോടെ ഭാര്യസഹോദരനെതിരായ കേസ് വ്യാജമാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും തുടർന്ന് പിതാവിനെതിരെ കേസെടുക്കുകയുമാണുണ്ടായത്.
മുമ്പും വ്യാജ പോക്സോ പരാതിയിൽ അന്വേഷണം നടത്തി വഴിക്കടവ് പൊലീസ് പരാതിക്കാരനെതിരെ കേസെടുത്തിരുന്നു.