മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ 134 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
57 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ ഒൻപതാം തോൽവിയാണിത്.
134 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർ വൃദ്ധിമാൻ സാഹ മിന്നുന്ന തുടക്കം നൽകി. പവർപ്ലേ ഓവറുകളിൽ ആക്രമണബാറ്റിങ്ങിലൂടെ സാഹ കരുത്തുകാട്ടി. ഇതോടെ സ്കോർ .ഉയർന്നു. മറുവശത്തു നിലയുറപ്പിച്ചു കളിക്കാൻ ശ്രമിച്ച ശുഭ്മാൻ ഗില്ലിനെ നിഷ്പ്രഭമാക്കിയായിരുന്നു സാഹയുടെ ബാറ്റിങ്ങ്. ഇതിനിടെ എട്ടാം ഓവറിലെ ആദ്യ പന്തിൽ ഗിൽ (18) മടങ്ങുമ്പോൾ ഗുജറാത്ത് സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ മാത്യൂ വെയ്ഡും (15 പന്തില്‍ 20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ മൊയീന്‍ അലിക്ക് വിക്കറ്റ് നല്കി വെയ്ഡും മടങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും (ആറ് പന്തില്‍ 7) കൂടുതലൊന്നും ചെയ്യാന്‍ സാധിച്ചില്ല. പതിരാന തന്നെ ഗുജറാത്തിനെ തിരിച്ചയച്ചു. എന്നാല്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാവാന്‍ സാഹയും ഡേവിഡ് മില്ലറും (15) സമ്മതിച്ചില്ല. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സാഹയുടെ ഇന്നിംഗ്സ്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റിന് 133 റൺസെടുത്തു. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് (49 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 53), എൻ. ജഗദീശൻ (33 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 39 നോട്ടൗട്ട്) എന്നിവരാണു ചെന്നൈയുടെ പ്രധാന സ്കോറർമാർ.
മൊയീന്‍ അലി (17 പന്തില്‍ 21), ഡെവോണ്‍ കോണ്‍വെ (5), ശിവം ദുബെ (0), എം എസ് ധോണി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജഗദീഷനൊപ്പം മിച്ചല്‍ സാന്റ്നര്‍ (1) പുറത്താവാതെ നിന്നു.
ഗുജറാത്തിനായി മുഹമ്മദ് ഷമി 2 വിക്കറ്റെടുത്തു. റാഷിദ് ഖാന്, അല്‍സാരി ജോസഫ്, സായ് കിഷോര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.