ബാങ്കോക്ക്: വിഖ്യാതമായ തോമസ് കപ്പ് ബാഡ്മിന്റണില്‍(Thomas Cup 2022) ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ മുമ്പ് 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയം നേടി.
ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്പി.
ആദ്യ 3 കളിയും ജയിച്ച് ഇന്ത്യ സ്വർണമെഡൽ നേടിയതോടെ മൂന്നാം പുരുഷ സിംഗിൾസ് മത്സരവും 2–ാം ഡബിൾസ് മത്സരവും ഉപേക്ഷിച്ചു. 3–ാം മത്സരത്തിൽ കിഡംബി ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകൾക്ക് ജോനാഥൻ ക്രിസ്റ്റിയെ (21–15, 23–21) തകർത്തു.
അതിനു മുൻപു നടന്ന മത്സരത്തിൽ, ഇന്ത്യയുടെ സാത്വിക് രണ്‍കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സാന്– കെവിൻ സഞ്ജയ സഖ്യത്തെ കീഴടക്കിയിരുന്നു. ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ ഡബിൾസ് സഖ്യം ഉജ്വലമായി തിരിച്ചടിച്ച് മത്സരം 18–21, 23–21, 21–19 എന്ന സ്കോറിനാണു സ്വന്തമാക്കിയത്.
ഫൈനലിലെ ആദ്യ മത്സരത്തിൽ, ലക്ഷ്യ സെൻ, ആന്തണി ഗിൻടിങ്ങിനെ 8–21, 21–17, 21–16 എന്ന സ്കോറിനാണു കീഴടക്കിയത്. ഒരു മണിക്കൂറും 5 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ ജയം പിടിച്ചെടുത്തത്. ഡെൻമാർക്കിനെ സെമിയിൽ 3–2നു മറികടന്നായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ മലേഷ്യയെയാണ് ഇന്ത്യ തകർത്തത്.