ഇടുക്കി: ഇടുക്കിയില്‍ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.
മഴ മുന്നറിയിപ്പ് മാറുന്നതുവരെ മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായും അറിയിച്ചു. മഴ മാറും വരെ തോട്ടം മേഖലയിലുള്ള തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിലും താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ നിർബന്ധമായും ഡ്യൂട്ടിക്ക് എത്തണം എന്നും ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചു. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.