കൊൽക്കത്ത: ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഗോകുലം കേരള. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതോടെയാണ് ഗോകുലം ചരിത്ര നേട്ടത്തിലെത്തിയത്. ഐ ലീഗ് ഫുട്ബോൾ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡാണ് ഇതോടെ ഗോകുലം എഫ്.സി സ്വന്തം പേരില്‍ കുറിച്ചത്.
അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനോട് സമനില മതിയായിരുന്നു ഗോകുലത്തിന് ജയം മുറപ്പിക്കാന്‍. എന്നാല്‍ ഗോള്‍ വലകിലുക്കി കൊണ്ട് ഗോകുലം ചരിത്ര വിജയം തന്നെ സ്വന്തമാക്കുകയായിരുന്നു. ഗോകുലത്തിനായി മലയാളി താരങ്ങളായി റിഷാദും എമില്‍ ബെന്നിയും ഗോള്‍ നേടി.
സീസണിന്റെ തുടക്കത്തിൽ മുഹമ്മദൻസാണ് മുന്നിൽനിന്നിരുന്നതെങ്കിലും പതിയെ ഫോമിലേക്കുയര്‍ന്ന ഗോകുലം 11ാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു. അവസാന എട്ടു കളികളിൽ ഏഴും ജയിച്ച ഗോകുലം ചർച്ചിൽ ബ്രദേഴ്സിനോടു മാത്രമാണ് സമനില വഴങ്ങിയത്. തൊട്ടടുത്ത കളിയിൽ നെരോക എഫ്.സിയെ 4-0ത്തിന് തകർത്ത് ടീം ഫോമിലേക്ക് തിരിച്ചെത്തി. അവിടുന്നങ്ങോട്ട് എതിരാളികളെ കാഴ്ചക്കാരാക്കിക്കൊണ്ടായിരുന്നു ഗോകുലം കേരളയുടെ പ്രകടനം.
മത്സരത്തിന് മുൻപ് ഗോകുലത്തിന് 17 കളികളിൽ 40 പോയിന്റ്. മുഹമ്മദൻസിന് 37. സമനില നേടിയാൽ പോലും ഗോകുലം കിരീടത്തിലെത്തുമായിരുന്നു. സീസണിലെ ആദ്യപാദത്തിൽ ഇരുടീമുകളും 1–1 സമനില വഴങ്ങിയിരുന്നു.