കുവൈത്ത് സിറ്റി: ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിപണി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു. കയറ്റുമതി രംഗത്തും കുവൈത്തുമായുള്ള വ്യാപാര ബന്ധത്തിലും ഇന്ത്യൻ മാമ്പഴങ്ങൾക്ക് കൂടുതൽ മധുരവും മൂല്യവും ഉണ്ടായിരുന്നതായി അംബാസഡർ പറഞ്ഞു. വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അൽഫോൻസാ, കേസർ, ബംഗനപ്പള്ളി മാമ്പഴങ്ങൾ രുചിച്ചുനോക്കാനുള്ള അവസരവും എംബസി ഒരുക്കിയിരുന്നു. മാമ്പഴങ്ങളുടെ പ്രചാരണത്തിനായി എംബസി നടത്തിയ ബയർ-സെല്ലർ മീറ്റുകളും പരിപാടികളും അംബാസഡർ വിശദീകരിച്ചു.
മംബാസ കയറ്റുമതിയിൽ ലക്ഷ്യമിട്ടതിനേക്കാൾ മുന്നോട്ടുപോകാൻ സാധിച്ചതായി പറഞ്ഞ അംബാസഡർ എംബസിക്ക് നൽകിയ പിന്തുണക്ക് അഗ്രികൾച്ചറൽ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിക്ക് നന്ദി അറിയിച്ചു.
എല്ലാ ഇന്ത്യക്കാരോടും തങ്ങളുടെ കുവൈത്തിലെ സുഹൃത്തുക്കൾക്ക് ഇന്ത്യൻ മാമ്പഴത്തെ കുറിച്ച് അവബോധം ഉണ്ടാക്കണമെന്നും അംബാസഡർ അഭ്യർഥിച്ചു. മാമ്പഴങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഒരുക്കിയിരുന്നു.