കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിലെ സ്ഥിതിഗതികളും മുന്നൊരുക്കങ്ങളും ചീഫ് സെക്രട്ടറി ഡോ. വി പി ജോയി വിലയിരുത്തി. ഓൺലൈൻ യോഗത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ പങ്കെടുത്തു.
ജില്ലകളിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗം വിലയിരുത്തി. കോട്ടയം കളക്ടറേറ്റിലെ എമർജൻസി ഓപ്പറേഷൻ സെന്ററില്‍ നിന്നാണ് ചീഫ് സെക്രട്ടറി വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുത്തത്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം. നിലവിലെ സാഹചര്യങ്ങൾ കളക്ടർമാർ വിശദീകരിച്ചു.