ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല, എന്ന്; ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമില്ല: അവതാരകന് മറുപടി നൽകി നിഖില വിമൽ.തന്റെ പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം.പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന് നിഖില വിമൽ. അത്തരത്തിലുള്ള സിസ്റ്റം ആളുകൾ ഉണ്ടാക്കിയെടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നൽകേണ്ട ആവശ്യമില്ലെന്നും നിഖില വിമൽ പറഞ്ഞു.
ചെസ് കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകൻ ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നൽകിയത്. കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോൾ വെട്ടില്ലല്ലോ അങ്ങനെ കളിയിൽ ജയിക്കാം എന്നാണ് അവതാരകൻ തന്നെ ഇതിന് ഉത്തരമായി പറയുന്നത്.”പശുവിനെ വെച്ചാൽ ജയിക്കുമോ. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടിൽ വെട്ടാം.
നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം.
ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകൾക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.
നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാൻ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ നിങ്ങൾ മുഴുവനായും വെജിറ്റേറിയൻ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാൻ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാൻ എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം.