കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് മറ്റു വാഹനം നിർത്തിയിടുന്നത് തടയാൻ പരിശോധന കാമ്പയിൻ ആരംഭിച്ചു. പ്രത്യേക പട്രോളിങ് ടീം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനം പിടികൂടി.അനധികൃത പാർക്കിങ് പതിവായ സ്ഥലങ്ങളിൽ പട്രോൾ ടീം കാമറ ഘടിപ്പിച്ച വാഹനത്തിൽ ചുറ്റിസഞ്ചരിച്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തും. ഒരു മാസം തടവോ 100 ദീനാർ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ട്രാഫിക് കാമറകൾ പൊതുവേ പ്രധാന റോഡുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ, ഇടറോഡുകളിലും ഉൾപ്രദേശങ്ങളിലും അനധികൃത പാർക്കിങ് പതിവാണ്. പാർക്കിങ് പ്രശ്നം രാജ്യത്ത് ഗുരുതരമാണ്.നഗരങ്ങളിലും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിലും വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ആളുകൾ റോഡരികിൽ വാഹനം നിർത്തിയിടാറുണ്ട്. ഭിന്നശേഷിക്കാർക്ക് രാജ്യം പ്രത്യേക പരിഗണന നൽകുന്നു. ഇവരുടെ അവകാശങ്ങളിൽ കടന്നുകയറുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.