കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തെലങ്കാനയിൽ .എന്നാൽ തെലുങ്കാന സന്ദർശിക്കുന്ന അമിത്ഷാക്ക് തുറന്ന കത്തുമായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകനും സംസ്ഥാന മന്ത്രിയുമായ കെ.ടി.രാമ റാവു. കേന്ദ്രം ഭരിക്കുന്ന ബിജെപി തെലങ്കാനയോടു ചെയ്യുന്ന അനീതികളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായോട് 27 ചോദ്യങ്ങളുമായി കെടി രാമറാവുവിന്റെ കത്ത്.
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ തെലങ്കനയോടും അവിടുത്തെ ജനങ്ങളോടും ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. തെലങ്കാനയിലെ ജനങ്ങളോട് അൽപമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സന്ദർശനത്തിനിടെ പൊതുയോഗത്തിൽ സംസാരിക്കുമ്പോൾ താൻ ഉന്നയിക്കുന്ന 27 ചോദ്യങ്ങൾക്കും മറുപടി നൽകാനും കെടിആർ അമിത് ഷായെ വെല്ലുവിളിക്കുന്നുണ്ട്.തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കെടിആർ കത്തിലെ ആരോപണം. ഗുജറാത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതെന്നും തെലങ്കാനയിലെ ജനങ്ങൾക്ക് ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും ഇതുവരെ പാലിച്ചിട്ടില്ലെന്ന് തെലങ്കാന രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റ് കൂടിയായ മന്ത്രി ആരോപിച്ചു.
ആന്ധ്രാ വിഭജനവുമായി ബന്ധപ്പെട്ട് നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ച, സംസ്ഥാനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും അനുവദിക്കുന്നതിലെ കാലതാമസം മുതലായ വിഷയങ്ങളും കത്തിൽ ഉയർത്തിക്കാട്ടി.എട്ടു വർഷത്തിനിടെ തെലങ്കാനയ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനും കത്തിലാവശ്യപെട്ടിട്ടുണ്ട് .