കോഴിക്കോട്: കോഴിക്കോട് മോഡൽ ഷഹാനയുടെ മരണത്തിൽ പിടിയിലായ ഭർത്താവ് സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് തേടിയാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്താൻ തീരുമാനം എടുത്തിട്ടുള്ളത്.
ഷഹാന മരിച്ച പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് ചേവായൂർ പൊലീസ് തെളിവെടുപ്പിനായി സജാദിനെ എത്തിക്കുക. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്.