ന്യൂഡല്‍ഹി: പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ടെന്ന് ഡിസിപി സമീർ ശർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു.