തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് താത്കാലിക ആശ്വാസം. 5000 കോടിരൂപ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കടമെടുപ്പിന് താത്കാലിക അനുമതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. അടുത്ത മാസം മുതൽ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം അനുമതി നല്‍കാതിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ പരിധിയില്‍പ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതില്‍ നിന്ന് പിന്നോട്ട് പോകാനും കേന്ദ്രം തയ്യാറായിട്ടില്ല.
32,425 കോടി രൂപയാണ് സാമ്പത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍.ഐ.ണ്ടസി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും.