കുവൈത്ത് സിറ്റി: കുവൈത്ത് എംപ്ലോയ്മെന്റ് റസിഡൻറ്സ് വിസ സ്റ്റാമ്പിങ് വ്യാജമായി ചെയ്ത് ചതിയിൽപെടുത്തുന്നു. കോൺസുലേറ്റ് അറിയാതെ ട്രാവൽ ഏജൻസികൾ വ്യാജ സ്റ്റാമ്പിങ് നടത്തിയ വിസയിലെത്തിയ നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലിറങ്ങാൻ കഴിയാതെ വന്ന വിമാനത്തിൽ തിരിച്ചുപോകേണ്ടി വന്നു. കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വ്യാജന്മാർ അരങ്ങുവാഴുന്നത്.
ഇന്ത്യയിലെ കുവൈത്ത് കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് ഇപ്പോൾ മാസങ്ങൾ എടുക്കുന്നതായാണ് വിവരം. സാധാരണ നിലക്ക് എട്ട് പ്രവൃത്തി ദിവസം കൊണ്ട് പൂർത്തിയാകുന്ന നടപടികളാണ് ഇപ്പോൾ നീണ്ടുപോകുന്നത്. നേരത്തെ നിരവധി പേർ ഇത്തരത്തിൽ വന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇപ്പോൾ കുവൈത്ത് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 9,000 മുതൽ 20,000 രൂപ വരെ വാങ്ങിയാണ് ട്രാവൽ ഏജൻസികൾ സ്റ്റാമ്പിങ് നടത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം നിരവധി പരസ്യങ്ങളും കാണാം.
ഒറിജിനലാണെന്ന് ഉറപ്പുവരുത്തി മാത്രം കുവൈത്തിലേക്ക് വരുകയും അംഗീകൃത ഏജൻസികളെ ആശ്രയിക്കുകയും ചെയ്തില്ലെങ്കിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ പ്രയാസത്തിലാകും.