ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 162 ശതമാനം വർധന രേഖപ്പെടുത്തി. 2021ലെ ആദ്യ പാദത്തിലെ കണക്കുകളെ അപേക്ഷിച്ചാണ് വാർഷിക തലത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്.
ഈ വർഷം ആദ്യ പാദത്തിൽ ഹമദ് വിമാനത്താവളത്തിലെത്തിയത് 71.4 ലക്ഷം യാത്രക്കാരാണ്. ജനുവരിയിൽ 21 ലക്ഷം യാത്രക്കാരും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യഥാക്രമം 21 ലക്ഷം, 28 ലക്ഷം യാത്രക്കാരും ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. ഈ വർഷം ആദ്യപാദത്തിൽ മൂന്ന് പുതിയ നഗരങ്ങളിലേക്ക് കൂടി ഹമദ് വിമാനത്താവളത്തിൽ നിന്നും സർവിസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ വിമാനത്താവളത്തിൽ നിന്നും സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 153 ആയി വർധിച്ചു.
ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടേക്ക്ഓഫ്, ലാൻഡിങ് ഉൾപ്പെടെ 48,680 എയർക്രാഫ്റ്റ് മൂവ്മെൻറാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2022 ആദ്യപാദത്തിൽ 5,85,448 ടൺ കാർഗോയും വിമാനത്താവളത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ജനുവരിയിൽ 1.90 ലക്ഷം ടണ്ണും ഫെബ്രുവരിയിൽ 1.79ലക്ഷം ടൺ കാർഗോയും മാർച്ചിൽ 2.1 ലക്ഷം ടണ്ണുമാണ് ഇവിടെയെത്തിയത്. ഇക്കാലയളവിൽ പുതിയ രണ്ട് കാർഗോ ഡെസ്റ്റിനേഷനുകൾക്കും ഹമദ് വിമാനത്താവളം തുടക്കം കുറിച്ചിരുന്നു.