മുംബൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് വിജയം. ചെന്നൈയെ 97 റൺസിന് എറിഞ്ഞൊതുക്കിയ മുംബൈ, 14.5 ഓവറിലാണ് വിജയത്തിലെത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 103 റൺസെടുത്തു.
34 റൺസെടുത്ത് പുറത്താവാതെ നിന്ന തിലക് വർമ മുംബൈയുടെ ടോപ്പ് സ്കോററായി. മുകേഷ് ചൗധരി ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ ചെന്നൈ ഔദ്യോഗികമായി ഐപിഎൽ പ്ലേഓഫിൽ നിന്ന് പുറത്തായി.
ഇന്നിങ്സിന്റെ ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ മുംബൈയുടെ നാല് ബാറ്റർമാർ പുറത്തായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (6), ക്യാപ്റ്റൻ രോഹിത് ശർമ (18), ഡാനിയൽ സാംസ് (1), ട്രിസ്റ്റൻ സ്റ്റബ്സ് (പൂജ്യം) എന്നിവരാണ് പുറത്തായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ തിലക് വർമയും ഹൃത്വിക് ഷോകീനും (18) ചേർന്ന് 48 റൺസെടുത്ത് മുംബൈയെ സുരക്ഷിതമാക്കി. 13–ാം ഓവറിൽ ഹൃത്വിക്കിനെ മൊയീൻ അലി പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡ് മൊയീൻ അലിക്കെതിരെ രണ്ട് സിക്സർ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. ടിം ഡേവിഡ് (16) നോട്ടൗട്ടാണ്.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 97 റൺസിനു എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡാനിയൽ സാംസ്, രണ്ടു വിക്കറ്റ് വീതം നേടിയ റിലെ മെറിഡിത്ത്, കുമാർ കാർത്തികേയ എന്നിവരാണ് ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ല് ഒടിച്ചത്. ഐപിഎലിനെ ചരിത്രത്തിൽ ചെന്നൈയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇത്. 2013ൽ മുംൈബയ്ക്കെതിരെ തന്നെ നേടിയ 79 റൺസാണ് അവരുടെ ഏറ്റവും ചെറിയ ടോട്ടൽ.