ഡൽഹി: ഐ.ടി സ്ഥാപനത്തിൽ നിന്ന് പണം തട്ടാനായി വ്യാജറെയ്ഡ് നടത്തിയ നാല് സി.ബി.ഐ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇവരെ ചണ്ഡീഗഢ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടിയെടുത്തത്.
സി.ബി.ഐ ഡൽഹി ആസ്ഥാനമായുള്ള യൂണിറ്റുകളിലെ സബ് ഇൻസ്പെക്ടർമാരായ സുമിത് ഗുപ്ത, പ്രദീപ് റാണ, അങ്കുർ കുമാർ, ആകാശ് അഹ്ലാവത് എന്നിവരാണ് അറസ്റ്റിലായത്.
മെയ് 10 ന് സി.ബി.ഐ ഉദ്യോഗസ്ഥരടക്കം ആറ് പേർ തന്റെ ഓഫീസിൽ കയറി തീവ്രവാദികൾക്ക് പണം നൽകിയതിന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു വ്യവസായി സിബിഐയെ സമീപിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെടുന്നത് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു .
ഇതിന് പിന്നാലെയാണ് ചണ്ഡീഗഢിലെ ഐ.ടി സ്ഥാപനത്തിൽ ഇവർ വ്യജറെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ റെയ്ഡിൽ സംശയം തോന്നിയ ഐടികമ്പനി ജീവനക്കാർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇവർ രേഖകൾ കാണിക്കുകയും സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ച അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുകയാണെന്നും അറിയിച്ചു.
പക്ഷേ അതിൽ വിശ്വാസം വരാത്ത പൊലീസ് സി.ബി.ഐയുടെ ഡൽഹി ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ റെയ്ഡാണെന്ന് മനസിലായത്. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കർശന നടപടിയെടുത്തതത്.