കിയവ്: മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിൽ റഷ്യ വ്യോമാക്രമണം തുടരുന്നു. സാരമായി പരിക്കേറ്റ് ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്ന പോരാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചാൽ തടവിലാക്കിയ റഷ്യൻ തടവുകാരെ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി യുക്രെയ്ൻ രംഗത്തുവന്നതിനു പിന്നാലെയാണ് ആക്രമണം കനത്തത്.
ഇതുസംബന്ധിച്ച് അനുരഞ്ജനശ്രമങ്ങൾ നടക്കുകയാണെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഇറിന വെറഷ്ചുക് പറഞ്ഞു. നിരവധി ഉപാധികളുണ്ട്. എന്നാൽ, ഒന്നിലും ധാരണയിലെത്തിയിട്ടില്ലെന്നും അവർ അറിയിച്ചു.
അതിനിടെ ഒഴിപ്പിക്കൽ പാതകളെല്ലാം റഷ്യൻ സേന ഉപരോധിച്ചതായി മരിയുപോൾ മേയർ പറഞ്ഞു. ഏതാനും അപാർട്മെന്റുകൾ മാത്രമാണ് മരിയുപോളിൽ ജനവാസയോഗ്യമായി അവശേഷിക്കുന്നത്. അവിടെതന്നെ കുടിവെള്ള-ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ഫെബ്രുവരി 24 മുതൽ ഇതുവരെ 788 മിസൈലുകളാണ് മരിയുപോളിനുമേൽ റഷ്യ വർഷിച്ചത്.
യുക്രെയ്നിന്റെ തെക്ക്, കിഴക്ക് ഭാഗത്തുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്നതാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് യുക്രെയ്നിലെ സായുധസേനയിലെ അലക്സി ഗ്രോമോവ് പറഞ്ഞു. ഒഡേസയിൽ കരിങ്കടലിനെ ലക്ഷ്യംവെച്ചുനീങ്ങിയ ക്രൂസ് മിസൈൽ വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യക്തമാക്കി.