ജയ്പൂർ: 12കാരിയെ മാസങ്ങളോളം ബലാൽസംഗം ചെയ്ത കേസിൽ മാതൃപിതാവ് അടക്കം മൂന്ന് പേർ പിടിയിൽ. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം.
തിങ്കളാഴ്ച സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെ കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 70കാരനായ മാതൃപിതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്.
പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി 10 വർഷമായി മാനസിക വൈകല്യമുള്ള മാതാവിനോടൊപ്പം മാതൃപിതാവിൻറെ കൂടെയാണ് താമസം. മദ്യത്തിന് അടിമപ്പെട്ട മാതൃപിതാവും അയാളുടെ സുഹൃത്ത് രാംലാൽ ഭീലും (50) കുറച്ചുമാസങ്ങളായി പെൺകുട്ടിയെ ബലാൽസംഗം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇടക്ക് രാംലാൽ പെൺകുട്ടിയുടെ മുത്തച്ഛന് 500 രൂപ കൊടുക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ അജയ് ഭൈർവ (20) എന്ന യുവാവും പലതവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.