ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ന്യൂസീലൻഡ് താരം ബ്രെൻഡൻ മക്കല്ലത്തെ നിയമിച്ചു. 4 വർഷമാണ് മക്കല്ലത്തിൻ്റെ കാലാവധി. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനായ മക്കല്ലം സീസണൊടുവിൽ ഇത് ഒഴിയും.
ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പരിശീലകനെന്ന നിലയില്‍ മക്കല്ലത്തിന്റെ ആദ്യ ദൗത്യം. ജൂണ്‍ രണ്ടിന് ലോര്‍ഡ്സിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യക്കെതിരെ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കാതെ പോയ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഏക ടെസ്റ്റും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ വര്‍ഷത്തെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
ആഷസ് ഉൾപ്പെടെ സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടത്തിയ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരമായാണ് മക്കല്ലം എത്തുന്നത്.
ന്യൂസീലൻഡിനായി 101 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് മക്കല്ലം. ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു ന്യൂസീലൻഡ് താരമാണ് ഇദ്ദേഹം. 2012 മുതല്‍ 2016ല്‍ വിരമിക്കുന്നതുവരെ ന്യൂസിലന്‍ഡ് ടീമിന്റെ നായകനുമായിരുന്നു മക്കല്ലം. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മക്കല്ലം പ്രതികരിച്ചു.
ടീം നായകനായി ബെൻ സ്റ്റോക്സിനെ നിയമിച്ചിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.