എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികൾ. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ 10 സ്ഥാനാർഥികളുടെ പത്രിക തള്ളി.
സ്വതന്ത്ര സ്ഥാനാർത്ഥികളായ മൻമദൻ, ജോമോൻ ജോസഫ്, സി.പി ദിലീപ് കുമാർ, ബോസ്കോ കളമശ്ശേരി, അനിൽ നായർ, കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ്, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്, ബിജെപി സ്ഥാനാർത്ഥി അനിൽ രാധാകൃഷ്ണൻ എന്നിവരുടെ പത്രികകൾ മാത്രമാണ് സ്വീകരിച്ചത്.
പരിശോധന സമയത്ത് ഉയർന്ന ആക്ഷേപങ്ങൾ തള്ളിയാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ അപരൻ ജോമോൻ ജോസഫിന്റെ പത്രികയും സ്വീകരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനത്തിന്റേത് ഉൾപ്പെടെ 10 പേരുടെ നാമനിർദേശപത്രികകളാണ് തള്ളിയത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത നിലനിൽക്കുന്നതാണ് ജോൺ പെരുവന്താനത്തിന്റെ പത്രിക തള്ളാൻ കാരണം.
അതേസമയം, തൃക്കാക്കരയിലെ എൽ.ഡി.എഫ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. ഈ ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിക്കുന്നതരത്തിൽ പ്രതികരിക്കാൻ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റേതായ വേവലാതികൾ യുഡിഎഫ് കേന്ദ്രങ്ങളിൽ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്.
ഒരു ഭാഗത്ത് മതനിരപേക്ഷത തകർക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾക്ക് ഇവർ വിലകൽപ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാൻ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘർഷമുണ്ടാക്കി വിദ്വേഷപ്രവർത്തനങ്ങൾ നടത്താൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.