തിരുവനന്തപുരം: ഗതാഗത വകുപ്പിനു കീഴിൽ തിരുവനന്തപുരം പാപ്പനംകോട് 1995-ൽ സ്ഥാപിച്ച ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സിൽവർ ജൂബിലി നിറവിൽ. ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്സുകളിലായി തൊഴിൽ വൈദഗ്ധ്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള എൻജിനീയർമാരെ വാർത്തെടുത്ത ഇവിടെ 2000-ലധികം വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.
സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ആകെ സി.ടി.ഇ യുടെ അക്രഡിറ്റേഷൻ നേടുന്ന ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണിത്. എൻ.ബി.എ അക്രെഡിറ്റേഷൻ അംഗീകാരം മൂന്നുതവണ നേടി. പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും പിഎച്ച്.ഡി കരസ്ഥമാക്കിയ മികച്ച അധ്യാപകരാണ് ഇവിടുള്ളത്. യോഗ്യത നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും കോളേജിന്റെ പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിക്കുന്നുണ്ട്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ (ഓട്ടോമൊബൈൽ) എഞ്ചിനീയറിംഗ് എന്നീ ബിരുദ കോഴ്സുകളും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, സിഗ്നൽ പ്രോസസ്സിംഗ്, മെഷീൻ ഡിസൈൻ എന്നീ ബിരുദാനന്തര കോഴ്സുകളും പിഎച്ച്ഡിയും കോഴ്സുകൾ നിലവിലുണ്ട്. കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമാണിത്.
കുട്ടികൾക്ക് അന്തർദ്ദേശിയ തലത്തിലുള്ള വിദ്യാഭ്യാസ നിലവാരം നേടുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സ്വായത്തമാക്കുന്നതിനുമായി ബ്രിട്ടനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബർമിംഗ്ഹാം സിറ്റി യൂണിവേർസിറ്റിയുമായി ട്വിന്നിങ് പ്രോഗ്രാമിന്റെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ഡീസൽ ബസുകളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്, മോട്ടോർവാഹനവകുപ്പുമായി സഹകരിച്ച് എസ്.സി.ടി.സി.ഇ ഗവേഷണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, NFTDC, ഹൈദരാബാദ്, IISC -ബാംഗ്ലൂർ, മദ്രാസ്- IIT, ഭുവനേശ്വർ- IIT എന്നിവയുമായി സഹകരിച്ചു ഹൈഡ്രജൻ സ്റ്റോറേജിനുവേണ്ടിയുള്ള സാങ്കേതിക വിദ്യവികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിൽ സംയുക്ത പങ്കാളിയാണ്.
കേരളസ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സ്കീമുകൾക്ക് കീഴിൽ ഡീസൽ എഞ്ചിൻ (എൽ.എൻ.ജി/സി.എൻ.ജി) ലേക്ക് പരിവർത്തനത്തിനും ഹോളോഗ്രാഫിക് ഡാറ്റസ്റ്റോറേജ് സിസ്റ്റം, ഫ്ലോട്ട് ടൈപ്പ് വേവ് എനർജി കൺവെർട്ടർ എന്നിവയുടെ രൂപകല്പനയ്ക്കും വികസനത്തിനുമുള്ള ഗവേഷണ പദ്ധതികൾ കോളേജ് ഏറ്റെടുത്തിട്ടുണ്ട്.
2020 മുതൽ കോളേജിന് പ്ലാൻ ഫണ്ട് അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 16000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലേഡീസ് ഹോസ്റ്റൽ, ലൈബ്രറി ബ്ലോക്കിന്റെ വിപുലീകരണത്തിനായി 8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് നിലകൾ, തുടങ്ങിയവ നിർമിക്കുന്നതിന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീമിന്കീഴിൽ 9 കോടി രൂപയുടെ പ്ലാൻ ഫണ്ട് അനുവദിച്ചു. ഇവിടെ നിർമ്മാണം പുരോഗമിക്കുകയാണ്.
സംസ്ഥാന സർക്കാർ 2021-ലും 2022-ലും ഒമ്പത് കോടിരൂപ വീതം അക്കാദമിക് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീമിന് കീഴിൽ പ്ലാൻഫണ്ട് അനുവദിച്ചിട്ടുണ്ട്.
റിസർച്ച് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, എന്നിവയുടെ നിർമ്മാണം, ഓട്ടോമൊബൈൽ റിസർച്ചിനായുള്ള ഇന്നൊവേഷൻ സെന്റർ, നാനോ ഇലക്ട്രോണിക് സ്ലാബ്, ഗതാഗതത്തിനായി ജൈവവാതക ഉപയോഗിക്കുന്നതിനുള്ള റിസേർച് ലാബ്, വയർലെസ്സ് ആശയവിനിമയത്തിനും, IoT (Internet of Things)ക്കും വേണ്ടി ഇന്നോവേഷൻ സെന്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ ലബോറട്ടറി, എന്നിവ സ്ഥാപിക്കാൻ വേണ്ടിയാണു തുക അനുവദിച്ചിരിക്കുന്നത്.
കോളേജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു.