തൃക്കരിപ്പൂർ: വീടിന്റെ ഒന്നാം നിലയിൽ എ.സിയിൽ നിന്ന് തീ പിടിച്ച് കിടപ്പുമുറി കത്തിനശിച്ചു. തൃക്കരിപ്പൂർ കഞ്ചിയിൽ തങ്കയം ശ്മശാനം റോഡിൽ എം.കെ. സാജിദയുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുറിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ അഗ്നിരക്ഷസേനയെ വിളിക്കുകയായിരുന്നു. മുകളിലത്തെ മറ്റൊരു മുറിയിലായിരുന്ന കുട്ടിയാണ് വിവരം നൽകിയത്. നടക്കാവിൽനിന്ന് ഫയർ ടെൻഡർ എത്തിയാണ് തീയണച്ചത്. മുറിയിലുള്ള ഫർണിച്ചർ ഉൾപ്പെടെ മുഴുവനും കത്തിനശിച്ചു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർ സ്റ്റേഷൻ ഓഫിസർ കെ.എം. ശ്രീനാഥ്, അസി. സ്റ്റേഷൻ ഓഫിസർ ഭാസ്കരൻ, അർജുൻ, മനോജ്, വിനീഷ്, അരവിന്ദ്, ഹെൻറി ജോർജ്, കിരൺ, രാജേഷ് പാവൂർ, വിഷ്ണു, രമേശൻ, ആനന്ദൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.