നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലെ രാഷ്ട്രീയപ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണ്. രണ്ടു ദശാബ്ദത്തിലേറെയായി ശ്രീലങ്കൻ രാഷ്ട്രീയം അടക്കിവാഴുന്ന രജപക്സെമാരുടെ ഭരണപരാജയങ്ങൾക്കെതിരായി കഴിഞ്ഞ രണ്ടുമാസമായി നടന്നുവരുന്ന സമരങ്ങൾ, മെയ് ഒമ്പതിന് രക്തരൂഷിതമായി. രാജ്യത്തെ ചെറുതും വലുതുമായ, ഇടതുപക്ഷത്തും തീവ്രഇടതുപക്ഷത്തും മധ്യപക്ഷത്തും വലതുപക്ഷത്തും നിലകൊള്ളുന്ന പ്രതിപക്ഷ പാർടികളും സന്നദ്ധസംഘടനകളും നടത്തിവന്ന സമാധാനപരമായ പ്രതിഷേധസമരത്തെ, പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ അനുയായികളെ അയച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ്, ഒരു ഭരണകക്ഷി എംപി ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനും ഇരുനൂറ്റമ്പതോളംപേരുടെ പരിക്കിലും കലാശിച്ചത്.
മഹിന്ദ രജപക്സെ പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്ന് ഇളയസഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്സെ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ആവശ്യപ്പെട്ടപ്പോൾ അതിനെ അതിജീവിക്കാനുള്ള അവസാനത്തെ അടവായിരുന്നു സ്വന്തം അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് അക്രമത്തിലേക്ക് ഇളക്കിവിട്ടത്. അധികാരത്തിൽ തുടരാൻ അമേരിക്കയിൽ ഡോണൾഡ് ട്രംപ്, അവസാനത്തെ അടവായി 2020ൽ നടത്തിയതുപോലൊരു ആക്രമണംതന്നെയാണ് മഹിന്ദയും നടപ്പാക്കാൻ ശ്രമിച്ചത്. ഒടുവിലത്തെ ആ ആക്രമണപരിപാടിക്കും മഹിന്ദയുടെ പ്രധാനമന്ത്രിപദത്തിൽനിന്നുമുള്ള രാജിയെ ഒഴിവാക്കാനായില്ല. മഹിന്ദ രജപക്സെ മന്ത്രിസഭയുടെ രാജി മാത്രമല്ല, പ്രസിഡന്റ് ഗോതബായയും രാജിവയ്ക്കണമെന്നു തന്നെയാണ് സമരക്കാരുടെ ആവശ്യം. രക്തച്ചൊരിച്ചിലിലേക്ക് കടന്നതിനാൽ ശ്രീലങ്കയിലെ രാഷ്ട്രീയപ്രതിസന്ധി എങ്ങനെ അവസാനിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ക്ഷണിച്ചുവരുത്തിയ പ്രതിസന്ധികൾ
ഇപ്പോഴത്തെ സംഘർഷങ്ങൾ രൂക്ഷമായത് ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഔഷധങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ഗുരുതരമായ ക്ഷാമം ആരംഭിച്ചതോടെയാണ്. പേപ്പറും മഷിയും ഇല്ലാത്തതിനാൽ സ്കൂളുകളിലെ പരീക്ഷകൾപോലും മാറ്റിവയ്ക്കേണ്ടിവന്നു. ദിവസത്തിൽ പകുതിയും വൈദ്യുതി നിയന്ത്രണംമൂലം ജനജീവിതമാകെ തകിടംമറിഞ്ഞു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായമുണ്ടായിട്ടും ജനങ്ങൾക്ക് ഭക്ഷണവും ഔഷധവും എത്തിക്കാനായില്ല. പെട്രോൾ പമ്പുകളുടെ നിയന്ത്രണം സൈന്യത്തെ ഏൽപ്പിക്കേണ്ടിവന്നു. ഗുരുതര രോഗികൾക്കുള്ള ശസ്ത്രക്രിയപോലും നടത്താനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയെ സാമ്പത്തികപ്രതിസന്ധിയുടെ അഗാധ ഗർത്തത്തിലേക്കു തള്ളിയിട്ട രജപക്സെമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ‘ഗോതഗോഗാമ’ (ഗോതബായ രാജിവച്ചുഗ്രാമത്തിലേക്കുപോകുക) എന്ന മുദ്രാവാക്യവുമായി കൊളംബോയിൽ പാർലമെന്റിനും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമിടയിൽ കുടിൽകെട്ടി രാപകൽ സമരം തുടങ്ങിയത്.
1948ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിൽ അന്തർദേശീയ സാഹചര്യങ്ങളുടെ പങ്കുണ്ടെന്നതും വസ്തുതയാണ്. അതോടൊപ്പം രജപക്സെമാരുടെ തെറ്റായ ഭരണതീരുമാനങ്ങൾ അവയുടെ തീവ്രത വർധിപ്പിക്കുകയും ചെയ്തു. ശ്രീലങ്കയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച മൂന്ന് പ്രധാന കാര്യം പലപ്പോഴും വലതുപക്ഷ മാധ്യമങ്ങൾ ചർച്ച ചെയ്യാറുമില്ല. ശ്രീലങ്കയെ ഇന്നത്തെ ദുരവസ്ഥയിൽ എത്തിച്ചത് യഥാർഥത്തിൽ അവയാണ്. അതിൽ ആദ്യത്തേത്, ബ്രിട്ടീഷ് സാമ്രാജ്യത്വ താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതരത്തിൽ ശ്രീലങ്കയിലെ കാർഷികരംഗത്തു വരുത്തിയ മാറ്റങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആവശ്യമായ തേയില, കാപ്പി, റബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെ അവർ പ്രോത്സാഹിപ്പിച്ചപ്പോൾ മറ്റു കാർഷികമേഖലകൾ തകർന്നു. അതോടെ ഭക്ഷ്യ ആവശ്യങ്ങൾക്ക് ശ്രീലങ്ക മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട നിലയിലായി.
രണ്ടാമത്തേത്, സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകംമുതൽ ആരംഭിച്ച ഭാഷാദേശീയതയെയും വംശീയതയെയും ഭൂരിപക്ഷവർഗീയതയെയും താലോലിക്കുന്ന ശ്രീലങ്കയിലെ ഭരണകക്ഷികളായിരുന്ന ശ്രീലങ്ക ഫ്രീഡം പാർടിയുടെയും യുണൈറ്റഡ് നാഷണൽ പാർടിയുടെയും നയങ്ങളാണ്. സാമ്രാജ്യത്വഭരണകാലത്തെ മിഷണറികളുടെയും മറ്റും പ്രവർത്തനഫലമായി ജനസംഖ്യയുടെ 13 ശതമാനംവരുന്ന ശ്രീലങ്കൻ തമിഴ് വിഭാഗങ്ങൾ വിദ്യാഭ്യാസം നേടുകയും സർക്കാർ ഉദ്യോഗങ്ങളുടെ 50 ശതമാനത്തോളം കരസ്ഥമാക്കുകയും ചെയ്തു. ഈ പ്രശ്നത്തിൽ ജനസംഖ്യയുടെ 70 ശതമാനത്തോളമുള്ള സിംഹളവിഭാഗങ്ങളുടെ അസംതൃപ്തി വോട്ടാക്കി മാറ്റി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്, 1956ൽ ശ്രീലങ്ക ഫ്രീഡം പാർടി നേതാവായിരുന്ന ബന്ദാരനായകെ, തമിഴ്ഭാഷയെ രണ്ടാംസ്ഥാനത്തേക്കുതള്ളി, സിംഹളഭാഷയെ മാത്രം ഔദ്യോഗിക ഭാഷയാക്കുന്ന നിയമം കൊണ്ടുവന്നത്. സിംഹള ബുദ്ധഭിക്ഷുവിനാൽ 1959ൽ വധിക്കപ്പെട്ട ബന്ദാരനായകെയുടെയും മറ്റുള്ളവരുടെയും വംശീയവിദ്വേഷത്തിൽ അധിഷ്ഠിതമായ നയങ്ങളാണ് തമിഴ്വംശീയ തീവ്രവാദത്തിലേക്കു നയിച്ചതും ഇന്നത്തെ അവസ്ഥയിൽ ശ്രീലങ്കയെ എത്തിച്ചതും.
മൂന്നാമത്തേത്, ശ്രീലങ്കയെ സിംഗപ്പൂർ പോലെ വികസിത രാഷ്ട്രമാക്കാനായി 1978 മുതൽ ആരംഭിച്ച മുതലാളിത്ത സാമ്പത്തിക പരിഷ്കാരങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ശ്രീലങ്കയിൽ ഭക്ഷ്യപൊതുവിതരണസമ്പ്രദായം നിലവിൽവന്നിരുന്നു. സ്വാതന്ത്ര്യാനന്തരം ആരോഗ്യപരിപാലന, വിദ്യാഭ്യാസരംഗത്തും ശ്രീലങ്ക മെച്ചപ്പെട്ട നിലയിലായിരുന്നു. എന്നാൽ, 1978ൽ യുണൈറ്റഡ് നാഷണൽ പാർടി നേതാവ് ജൂനിയസ് ജയവർധനെയുടെ നേതൃത്വത്തിൽ ആരംഭിച്ച മുതലാളിത്ത സാമ്പത്തിക പരിഷ്കാരങ്ങൾ, ശ്രീലങ്കയിൽ സാമ്പത്തികാസമത്വവും സാമ്പത്തിക പ്രതിസന്ധികളും സൃഷ്ടിച്ചു. ആ പ്രതിസന്ധികൾ മറികടക്കാൻ ഇതിനുള്ളിൽ 16 തവണ ശ്രീലങ്ക ഐഎംഎഫിൽനിന്ന് വായ്പ എടുത്തിട്ടുണ്ട്. അതിനുപുറമെ ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നും വായ്പ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീലങ്കയുടെ ആകെ വിദേശകടം 71 ബില്യൺ ഡോളറാണ്. ചൈനയിൽനിന്ന് കടം എടുത്തിട്ടുള്ളതിനേക്കാൾ കൂടുതൽ വായ്പ ജപ്പാനിൽനിന്ന് ശ്രീലങ്ക എടുത്തിട്ടുണ്ടെങ്കിലും (11 ബില്യൺ ഡോളർ) പത്തിൽ താഴെ ബില്യൺ ഡോളർ നൽകിയിട്ടുള്ള ചൈനമൂലമാണ് ശ്രീലങ്ക പ്രതിസന്ധിയിലായതെന്നു വരുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. പുതിയ വായ്പ എടുക്കാൻ ശ്രീലങ്ക വീണ്ടും ഐഎംഎഫിനെ സമീപിച്ചിരിക്കയാണ്. മന്ത്രിസഭതന്നെ രാജിവച്ചതിനാൽ, ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി എങ്ങനെയാകും തരണം ചെയ്യുകയെന്നത് ചോദ്യചിഹ്നമാകുകയാണ്.
പ്രതിസന്ധി രൂക്ഷമാക്കി കോവിഡ്
2019ൽ ആരംഭിച്ച കോവിഡ് മഹാമാരിയാണ് പ്രതിസന്ധി രൂക്ഷമാക്കിയ സുപ്രധാന കാരണം. ലോകത്തിന്റെ വിവിധ രാജ്യത്തിൽ ജോലി ചെയ്യുന്ന ശ്രീലങ്കക്കാർ അയക്കുന്ന വിദേശ കറൻസി ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാണ്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം സംഭാവന ഈ പ്രവാസികളുടേതാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് പ്രവാസികളിൽ നല്ലൊരു ശതമാനം തിരികെ എത്തിയതോടെ ആ വരുമാനസ്രോതസ്സിൽ വലിയ ഇടിവുണ്ടായി. കോവിഡ്മൂലം ഉണ്ടായ ആഗോളപ്രതിസന്ധി കാരണം ശ്രീലങ്കയുടെ പ്രധാന ഉൽപ്പന്നമായ വസ്ത്രങ്ങൾ കയറ്റുമതി നടത്താനാകാതായി. ഇതോടെ നിരവധി ആളുകൾക്ക് തൊഴിൽ നൽകുന്ന വസ്ത്രനിർമാണശാലകൾ അടച്ചുപൂട്ടി. മറ്റൊരു കയറ്റുമതി ഉൽപ്പന്നമായ തേയിലയുടെ കയറ്റുമതിയും അവതാളത്തിലായി. കോവിഡ് വ്യാപനംമൂലം വിനോദസഞ്ചാരത്തിലൂടെ ശ്രീലങ്ക നേടുന്ന വിദേശനാണ്യത്തിന്റെ വരവുംനിലച്ചു. കോവിഡിനുമുമ്പ്, 2019ലെ ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന 250ലേറെപ്പേർ കൊല്ലപ്പെട്ട ബോംബുസ്ഫോടനം വിനോദസഞ്ചാരമേഖലയെ തകർത്തിരുന്നു. ശ്രീലങ്കയുടെ ആകെ വരുമാനത്തിന്റെ 13 ശതമാനം സംഭാവന ചെയ്യുന്നത് വിനോദസഞ്ചാരമേഖലയാണ്.
ഈ സംഭവവികാസങ്ങൾ ശ്രീലങ്കയിലെ നേരിട്ടുള്ള വിദേശനിക്ഷേപങ്ങളിലും വലിയ കുറവുണ്ടാക്കി. ഒപ്പം ഭക്ഷ്യവസ്തുക്കൾ, പെട്രോളിയം, ഔഷധം എന്നിവ ഇറക്കുമതി ചെയ്യാൻ ആവശ്യമായ വിദേശ കറൻസി ശേഖരത്തെ ക്ഷയിപ്പിക്കുകയുംചെയ്തു. കൃഷിക്ക് ആവശ്യമായ രാസവളം ഇറക്കുമതി ചെയ്യുന്നതിനും വിദേശ കറൻസി ഇല്ലാതെ വന്നപ്പോഴാണ്, പ്രസിഡന്റ് ഗോതബായ രജപക്സെ അവയുടെ ഇറക്കുമതി നിരോധിക്കുകയും ജൈവകൃഷിയിലേക്കു നീങ്ങാൻ നിയമം പാസാക്കിയതും. ഇതോടെ കാർഷിക ഉൽപ്പാദനത്തിലും ഇടിവുണ്ടായി. ഇതിനൊക്കെ പുറമെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാൻ സമ്പന്നർക്ക്, ഗോതബായ വമ്പിച്ച നികുതിയിളവും നടപ്പാക്കി. റഷ്യ–-ഉക്രയ്ൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവിലയിലുണ്ടായ വർധനയും ഭക്ഷ്യവിലക്കയറ്റവും കൂനിന്മേൽ കുരുവെന്നപോലെ ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചു.
2019ൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഗോതബായ രജപക്സെയെ പ്രസിഡന്റുസ്ഥാനത്തേക്കും തൊട്ടടുത്തവർഷം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ രജ്പക്സെമാരുടെ പാർടിയായ ശ്രീലങ്ക പൊതുജന പെരാമുനയെ വിജയിപ്പിച്ച് മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയുമാക്കിയ ജനതയാണ് സഹോദരന്മാരായ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന ആവശ്യവുമായി സമരം നയിക്കുന്നത്. ഒമ്പതിന് മഹിന്ദയുടെ അനുയായികൾ നടത്തിയ ആക്രമണത്തെത്തുടർന്ന്, രോഷാകുലരായ ജനങ്ങൾ രജപക്സെമാരുടേത് ഉൾപ്പെടെ 14 മന്ത്രിമാരുടെയും 18 എംപിമാരുടെയും ഭവനങ്ങൾ അഗ്നിക്കിരയാക്കി. ആ സംഘർഷങ്ങളിലാണ് ഭരണകക്ഷി എംപിയായ അമരകീർത്തി അതുകോരള മരിച്ചത്. രാജിവച്ചതിനെത്തുടർന്ന് രാജ്യം വിടുന്നതിനായി മഹിന്ദ രജപക്സെ ട്രിങ്കോമാലി നാവികകേന്ദ്രത്തിൽ അഭയംതേടിയെന്ന വാർത്ത വന്നതോടെ, സമരക്കാർ കൊളംബോ വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡും ഉപരോധിച്ചിരിക്കയാണ്.
ബുദ്ധിസ്റ്റ് സിംഹള വംശീയതയ്ക്ക് അടിപ്പെട്ട് രജപക്സെമാർക്ക് വോട്ടുനൽകിയ ബുദ്ധഭിക്ഷുക്കൾ ഉൾപ്പെടെ ഇപ്പോൾ സമരത്തിന്റെ പാതയിലാണ്. പ്രസിഡന്റ് ഗോതബായ രജപക്സെയും രാജിവയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വംശീയതയും വർഗീയതയും മുതലാളിത്തപാതയുമായി സമന്വയിക്കുമ്പോൾ രൂപപ്പെടുന്നത് വിനാശകരമായ സ്വേച്ഛാധിപത്യമാണെന്ന് ശ്രീലങ്കകൂടി തെളിയിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയിൽനിന്ന് അധികം അകലെയല്ലെന്നും ഓർമയുണ്ടാകണം.