ജിദ്ദ: റിയാദിൽ നടന്ന ‘2022 അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളന’ത്തിൽ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാല പവിലിയനിലൊരുക്കിയ ‘റോബോട്ട് നൂറ’ സന്ദർശകർക്ക് കൗതുകമായി. സന്ദർശകരെ സ്വീകരിക്കാൻ കൗണ്ടറിലാണ് റോബോട്ട് നൂറയെ ഒരുക്കിയിരുന്നത്. അറബിയും ഇംഗ്ലീഷും സംസാരിക്കാനും സർവകലാശാലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും ഈ യന്ത്രത്തിന് കഴിയും. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനും കൈ കുലുക്കാനും നൃത്തം ചെയ്യാനും കഴിയും. ചോദ്യങ്ങൾ വ്യക്തമായി കേൾക്കാനും പ്രതികരിക്കാനുമുള്ള കഴിവുണ്ട്. സന്ദർശകന് തനിക്ക് അനുയോജ്യമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഒരു കൺട്രോൾ സ്‌ക്രീൻ റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. സർവകലാശാലയിലെ കോളജ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ വിദ്യാർഥികളാണ് ‘നൂറ’ എന്ന റോബോട്ട് പ്രോഗ്രാം ചെയ്തത്.