സുൽത്താൻബത്തേരി: അംഗൻവാടി മുഖേനയുള്ള പോഷകാഹാര വിതരണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ പൂതാടി പഞ്ചായത്തിൽ വിവാദം കൊഴുക്കുന്നു. ഭരണകക്ഷിയായ യു.ഡി.എഫും ബി.ജെ.പിയും പഴയ ഭരണസമിതിയായ എൽ.ഡി.എഫിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
2020-21 സാമ്പത്തികവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകളെക്കുറിച്ച് സൂചനയുള്ളത്. ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾ, മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, പോഷകാഹാരക്കുറവ് കാരണം ബുദ്ധിമുട്ടുന്ന കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിലാണ് വിവാദം. 41 അംഗൻവാടികളാണ് പഞ്ചായത്തിൽ ആകെയുള്ളത്. 2020-21 വർഷത്തിൽ 90.10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ചെലവഴിച്ചത് 64.28 ലക്ഷം. എന്നാൽ, 2020-21 സാമ്പത്തികവർഷത്തിൽ, 2019-20 വർഷത്തെ ചെലവ് എന്ന നിലയിൽ നൽകിയ 26.86 ലക്ഷം രൂപ ഓഡിറ്റിൽ അംഗീകരിച്ചില്ല. ഇതാണ് രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയത്.
2019-20 വർഷത്തിൽ പോഷകാഹാരത്തിനായി 55 ലക്ഷമാണ് വകയിരുത്തിയിരുന്നത്. ഇതിൽ 42.62 ലക്ഷം രൂപ ചെലവഴിച്ചു. 26.86 ലക്ഷം രൂപ കൂടി നൽകിയതോടെ വകയിരുത്തിയതിനെക്കാൾ 14.48 രൂപ അധികം ചെലവാക്കി. സി.പി.എം നേതാവ് രുഗ്മിണി സുബ്രഹ്മണ്യൻ നേതൃത്വം വഹിച്ച പഴയഭരണസമിതി നല്ല പഞ്ചായത്തിനുള്ള ദേശീയ അവാർഡ് വരെ നേടിയിരുന്നു. എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫിനെതിരെ അട്ടിമറി വിജയംനേടി അധികാരത്തിലേറി.