പാലക്കാട് മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസിലെ 25 പ്രതികളും കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് കണ്ടെത്തൽ. മറ്റന്നാൾ പ്രതികൾക്ക് ശിക്ഷ വിധിക്കും. 2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ(48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ വീടിന് സമീപത്ത് വച്ച് കൊല്ലപ്പെട്ടത്.
2013 നവംബർ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു സഹോദരൻ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സിപിഐഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവർത്തകരായിരുന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടിൽ സിദ്ദീഖാണ് കേസിൽ ഒന്നാംപ്രതി. സംഭവത്തിൽ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവർത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്.