ജയ്പുർ: താജ് മഹൽ നിർമിച്ചിരിക്കുന്ന സ്ഥലം ജയ്പുർ മഹാരാജാവിന്റേതാണെന്ന് ബിജെപി എംപി ദിയാ കുമാരി. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ജയ്പുർ രാജാവ് ജയ് സിങ്ങിൽനിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. ജയ്പുർ രാജകുടുംബത്തിന്റെ കൈവശം ഇതിന്റെ രേഖകൾ ഉണ്ടെന്നും എംപി പറഞ്ഞു. പഴയ ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി.
താജ് മഹലിന്റെ പൂട്ടിക്കിടക്കുന്ന 22 മുറികൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി പിന്താങ്ങുന്നതായും ദിയാ കുമാരി പറഞ്ഞു.
“സത്യം എന്തുതന്നെയാണെങ്കിലും അതു പുറത്തുവരണം. താജ് മഹൽ നിർമിക്കുന്നതിനു മുൻപ് സ്ഥലത്ത് എന്താണ് ഉണ്ടായിരുന്നതെന്ന് ആളുകൾക്ക് അറിയാൻ അവകാശമുണ്ട്. ജയ്പുർ രാജ കുടുംബത്തിൽ ഇതിന്റെ രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ ഹാജരാക്കാൻ തയാറാണ്.” –ദിയാ കുമാരി വ്യക്തമാക്കി.
“താജ് മഹലിനുള്ളിലെ 20 ഓളം മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആര്‍ക്കും ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഹിന്ദു ഗ്രന്ഥങ്ങളും ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.” – കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച രജ്നീഷ് സിങ് പറഞ്ഞു.