കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിലെ ജോലിക്ക് കേരളത്തിൽനിന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന ഡി.ജി.പിയുടെ ഉത്തരവിൽ പ്രവാസികൾക്ക് ആശങ്ക. ഇനിമുതൽ കേന്ദ്രത്തിൽനിന്ന് മാത്രമായിരിക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുക. ഇതിലെ നൂലാമാലകളും കാലതാമസവുമാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാറിന് മാത്രമാണെന്ന ഹൈകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് കേരളം സർക്കുലർ ഇറക്കിയത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനി നൽകുക എന്ന് ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നു. എന്നാൽ, ഈ സർട്ടിഫിക്കറ്റ് സംസ്ഥാനത്തിനകത്തുള്ള ജോലിക്ക് മാത്രമായിരിക്കും നൽകുക.
വിദേശ ജോലിക്കാർ കേന്ദ്ര സർക്കാറിന് അപേക്ഷ നൽകണം. പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമുണ്ടെങ്കിലും കേന്ദ്രസർക്കാറിൻറെ അന്വേഷണങ്ങൾക്കൊടുവിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമെടുക്കും. സർട്ടിഫിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടായേക്കാം. ചില സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഇത് കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഇത് നിർബന്ധമാണ്. നോർക്കപോലുള്ള ഏജൻസികൾ വഴി കേന്ദ്രവുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭ്യമാക്കാൻ നടപടി വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. കഴിഞ്ഞവർഷം ആഗസ്റ്റിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽനിന്ന് പൊലീസ് പിൻവാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാറിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹൈകോടതി ഉത്തരവിട്ടത്.