തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി ബുധനാഴ്ച 190 സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണു നടത്തിയത്. ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. 193 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.
ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചു. 199 ജ്യൂസ് കടകളാണു പരിശോധിച്ചത്. 4 ജ്യൂസ് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാംപിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടിസ് നല്കി. ഉപയോഗ ശൂന്യമായ 88 പാല് പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളില്‍ 2296 സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടിസ് നല്കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി.