ദുബൈ: ഫെബ്രുവരിയിൽ ഒപ്പുവെച്ച ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിൻറെ (സി.ഇ.പി.എ) ഭാഗമായി യു.എ.ഇ സംഘം ഇന്ന് ഇന്ത്യയിലെത്തും. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് എത്തുന്നത്. സർക്കാർ, സ്വകാര്യ വ്യാപാര മേഖലയിലെ പ്രതിനിധികളുമുണ്ടാകും. ഡൽഹിയിലും മുംബൈയിലുമായി യോഗങ്ങളും കൂടിക്കാഴ്ചകളും നടക്കും.
ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട് അഞ്ച് വർഷത്തിനുള്ളിൽ 100 ശതകോടിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കരാർ മേയ് ഒന്നിനാണ് നിലവിൽ വന്നത്. അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതടക്കമുള്ള നടപടികൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ നികുതിയില്ലാതെ ആദ്യ ചരക്ക് യു.എ.ഇയിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കാണ് സംഘം ഇന്ത്യയിൽ എത്തുന്നത്.
ഇന്ത്യയിലെ നിക്ഷേപസാധ്യത പഠിക്കുക എന്നത് സംഘത്തിൻറെ ലക്ഷ്യമാണ്. വ്യവസായിക ഉൽപാദനം, സിവിൽ ഏവിയേഷൻ, സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യസുരക്ഷ, ഗതാഗതം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്കൽ സേവനങ്ങൾ, കാർഷിക സാങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയവയിലെ സഹകരണം ചർച്ചയാവും. ഇന്ത്യയിലെ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപന മേധാവികൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.