നിലമ്പൂർ ∙ മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവരെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ചാലിയാർ പുഴയോരത്തും മുഖ്യപ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ വീട്ടിലും തെളിവെടുത്തു നടത്തും.
വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്. ഷാബാ ഷരീഫിനെ (60) ഒന്നേകാൽ വർഷം തടങ്കലിൽ പാർപ്പിച്ച ശേഷം 2020 ഒക്ടോബറിൽ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളിയെന്നാണു കേസ്. സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് ചികിത്സാരഹസ്യം ചോർത്തിയെടുക്കാനാണ് തടങ്കലിൽ പാർപ്പിച്ചതെന്ന് പറയുന്നു.