പുണെ: ഐപിഎലിൽ 15–ാം സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിനു തോൽപ്പിച്ചാണ് പാണ്ഡ്യയും സംഘവും പ്ലേഓഫ് ഉറപ്പിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ലക്നൗവിന്റെ മറുപടി 13.5 ഓവറിൽ 82 റൺസിൽ അവസാനിച്ചു.
ഈ വിജയത്തോടെ 12 കളികളിൽനിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണു ഗുജറാത്ത് പ്ലേഓഫ് ഉറപ്പാക്കിയത്.
ഗുജറാത്തിന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിനു മുന്നിൽ ലക്നൗ നിരയിൽ ചെറുത്തു നിൽക്കാനായതു ദീപക് ഹൂഡയ്ക്കു മാത്രമാണ്; 26 പന്തിൽ മൂന്നു ഫോറുകൾ സഹിതം 27 റൺസ്. ഹൂഡയ്ക്കു പുറമേ ലക്നൗ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ ക്വിന്റൺ ഡികോക്കും പതിനൊന്നാമനായി എത്തിയ ആവേശ് ഖാനും മാത്രം. 10 പന്തിൽ ഒരു സിക്സ് സഹിതം 11 റൺസാണ് ഡികോക്കിന്റെ സമ്പാദ്യം. നാലു പന്തിൽ 12 റൺസാണ് ആവേശ് ഖാൻ നേടിയത്.
ക്യാപ്റ്റൻ കെ.എൽ.രാഹുൽ (16 പന്തിൽ 8), കരൺ ശർമ (4 പന്തിൽ 4), ക്രുണാൽ പാണ്ഡ്യ (5 പന്തിൽ 5), ആയുഷ് ബദോനി (11 പന്തിൽ 8), മാർക്കസ് സ്റ്റോയ്നിസ് (2 പന്തിൽ 2), ജെയ്സൻ ഹോൾഡർ (2 പന്തിൽ 1), മൊഹ്സിൻ ഖാൻ (3 പന്തിൽ 1) എന്നിവർ ആരാധകരെ നിരാശപ്പെടുത്തി.
3.5 ഓവറിൽ 24 റൺസു വഴങ്ങി നാലു വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ലക്നൗവിനെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചത്. രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനവും ശ്രദ്ധേയമായി. രണ്ട് ഓവറിൽ 24 റൺസ് വഴങ്ങിയ യഷ് ദയാൽ രണ്ടും, മൂന്ന് ഓവറിൽ അഞ്ചു റൺസ് വഴങ്ങിയ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സെടുത്തു.
ശുഭ്മാൻ ഗില്ലിന്റെ അർധ സെഞ്ചുറി പ്രകടനമാണ് ഗുജറാത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 49 പന്തിൽ 63 റണ്‍സുമായി ഗിൽ പുറത്താകാതെ നിന്നു. വൃദ്ധിമാൻ സാഹ (5), മാത്യു വെയ്ഡ് (10), ഹാർദിക് പാണ്ഡ്യ (11), ഡേവിഡ് മില്ലർ (26) എന്നിവർ നിരാശപ്പെടുത്തി.
രാഹുൽ തേവാട്ടിയ 16 പന്തിൽ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ലക്നോവിനായി അവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.