കൊളംബോ: ശ്രീലങ്കയിലെ സ്ഥിതി അതീവഗുരുതരമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ള നടത്തുന്നവരേയും കണ്ടാല്‍ വെടിവെയ്ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി നിര്‍ദേശം നല്കി. കര, വ്യോമ, നാവിക സേനകൾക്കെല്ലാം ഇതിനുള്ള അധികാരം നൽകിയിട്ടുണ്ട്.
മഹിന്ദ രാജപക്സെയുടെ കുരുണേഗലയിലുള്ള വീടിനും ഹംബന്‍ടോട്ടയിലെ മെഡമുലനയിലുള്ള രാജപക്സെമാരുടെ കുടുംബവീടിനും പ്രക്ഷോഭകര്‍ തീയിട്ടതിന് പിന്നാലെയാണ് ഉത്തരവ്.
അക്രമികളെ വെടിവയ്ക്കാൻ പ്രതിരോധ മന്ത്രാലയമാണ് സൈന്യത്തിന് നിർദേശം നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ മാധ്യമമായ ഡെയ്ലി മിറർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. സൈനിക വക്താവാണ് ഇക്കാര്യം മാധ്യമത്തെ അറിയിച്ചത്. പൊതുസ്വത്തുക്കൾ കൊള്ളയടിക്കുന്നവരടക്കമുള്ള കലാപകാരികളെ നേരിടാനെന്ന പേരിലാണ് നിർദേശം.
പ്രക്ഷോഭത്തെ തുടര്‍ന്ന് നൂറുകണക്കിന് സൈനികരെ കൊളംബോയിലെ തെരുവുകളില്‍ വിന്യസിച്ചതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. പൊതുമുതല്‍ കൊള്ളയടിക്കുന്നതോ ജീവഹാനി ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നതോ കണ്ടാല്‍ വെടിവയ്ക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കലാപത്തില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെടതായും 65 വീടുകള്‍ക്ക് നാശം സംഭവിച്ചതായും പോലീസ് അറിയിച്ചു. ഇതില്‍ 41 വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. 88 കാറുകളും നിരവധി ഇരുചക്രവാഹനങ്ങളും ബസുകളും നശിപ്പിക്കപ്പെടാതെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, തലസ്ഥാനമായ കൊളംബോയിലടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ നീട്ടി. നേരത്തെ ബുധനാഴ്ച രാവിലെ വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ വ്യാഴാഴ്ച രാവിലെ ഏഴുമണിവരെ നിലനിൽക്കും.
തിങ്കളാഴ്ച ഉണ്ടായ അക്രമാസക്തമായ പ്രക്ഷോഭത്തിനുപിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു. രാജപക്സെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആയുധധാരികളായ ഒരു സംഘത്തോടൊപ്പമാണ് ഇപ്പോള്‍ രജപക്സെ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.