തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന് എതിരെ എഐടിയുസി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് പറഞ്ഞു.
തൊഴിലാളികള്‍ പണിയെടുത്ത് ഏപ്രില്‍ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താല്‍ കൂലി വാങ്ങാന്‍ തൊഴിലാളികള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ലെന്നും കെഎസ്ടിഇയു (എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആര്‍ടിസി വരുമാനത്തിന്റെ കണക്ക് ഉള്‍പ്പടെ നിരത്തിയാണ് എം ശിവകുമാര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവമെങ്കിലും കാണിക്കാന്‍ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര് എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.