തൃശ്ശൂര്‍: മണ്ണിലും വിണ്ണിലും മനസ്സിലും നിറഞ്ഞ് പൂരാവേശം. കൊട്ടിക്കയറിയ മേളപ്പെരുക്കത്തിന്റെ ചോരാത്ത ആവേശത്തില്‍ പൂരനഗരി. തൃശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകളിലൊന്നായ കുടമാറ്റം വര്‍ണാഭമായ ലഹരിയോട് പൂരപ്രേമികള്‍ക്ക് മുന്നിലേക്ക്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളാണ് കുടമാറ്റത്തില്‍ പങ്കെടുക്കുന്നത്. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളം ആവേജ്വലമായ മേളപ്പെരുക്കം കാതും കണ്ണും പൂരപ്പറമ്പാക്കിമാറ്റി.
രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നളളി. ഇതോടെ ഘടകപൂരങ്ങളുടെ വരവായി. 11നു പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു തുടക്കമായി. കോങ്ങാട് മധുവായിരുന്നു പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം അരങ്ങേറി.
രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം നടന്നു. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു തുടക്കമായി. മേളങ്ങൾ കലാശിച്ചു വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്പെഷൽ കുടകളും വിരിഞ്ഞപ്പോൾ കാണികൾ ആവേശത്തിലമർന്നു.
രാത്രി 11നു പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ വിരുന്ന്. തുടർന്നു പുലർച്ചെ മൂന്നിന് ഏവരും കാത്തിരിക്കുന്ന പൂരം വെടിക്കെട്ട്. ബുധനാഴ്ച രാവിലെ ഒൻപതിനു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.