ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ചാർധാം യാത്ര ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ 20 തീർഥാടകർ മരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു.
മെയ് മൂന്നിന് ഗംഗോത്രി, യമുനോത്രി ക്ഷേത്ര കവാടങ്ങൾ തുറന്നതോടെയാണ് ഈ വർഷത്തെ ചാർധാം യാത്രക്ക് തുടക്കമായത്. കേദാർനാഥ് ക്ഷേത്ര കവാടം മെയ് ആറിനും ബദരീനാഥ് കവാടം മെയ് എട്ടിനുമാണ് തുറന്നത്. യമുനോത്രിയിലും ഗംഗോത്രിയിലും തിങ്കളാഴ്ച വരെ ഒരു നേപ്പാളി ഉൾപ്പെടെ 14 പേരാണ് മരിച്ചത്.
കേദാർനാഥിൽ അഞ്ചും ബദരീനാഥിൽ ഒരാളും മരിച്ചു. ചാർധാം തീർഥാടനത്തിനിടെയുള്ള അമിതമായ കാൽനടയാത്ര വൃദ്ധരെയും രോഗികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീർഥാടകരുടെ മരണത്തിൽ സംഘാടകരും സർക്കാരും ആശങ്കയിലാണ്.