ദോഹ: ഈ വർഷം മാർച്ച് മാസത്തിൽ ഖത്തറിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഖത്തർ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകളനുസരിച്ച് 2021 മാർച്ച് മാസത്തെ അപേക്ഷിച്ച് 2022 മാർച്ച് മാസത്തിൽ 759 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 98.7 ശതമാനം വർധനവും പി.എസ്.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പ്രകാരം മാർച്ച് മാസത്തിൽ 1,52,700 വിനോദസഞ്ചാരികളാണ് ഖത്തറിലെത്തിയത്. ഫെബ്രുവരിയിൽ എത്തിയത് 76,880 വിനോദസഞ്ചാരികളും. എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ കേവലം 17,780 വിനോദസഞ്ചാരികൾ മാത്രമാണ് ഖത്തറിലെത്തിയത്.
അതേസമയം, ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പി.എസ്.എയുടെ കണക്കുകൾ പ്രകാരം ഈ വർഷം മാർച്ചിൽ ഇഷ്യു ചെയ്ത ലൈസൻസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി രേഖപ്പെടുത്തി. മാസാടിസ്ഥാനത്തിൽ 10.9 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, മുൻവർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് പുതിയ ലൈസൻസുകൾ നൽകുന്നതിൽ 81.2 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തരികളല്ലാത്ത പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ലൈസൻസ് സ്വന്തമാക്കിയത്, 79 ശതമാനം. ജനസംഖ്യയിലും മുൻവർഷത്തെ അപേക്ഷിച്ച് മാർച്ച് മാസം വർധനവുണ്ടായതായി അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ 26.4 ലക്ഷമായിരുന്നുവെങ്കിൽ, ഈ വർഷം മാർച്ചിൽ ഖത്തറിലെ ജനസംഖ്യ 28.3 ലക്ഷമായി മാറി.