നമ്മുടെ ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വന്‍കുടലിനെയാണ് ഐബിഎസ് പ്രധാനമായും ബാധിക്കുന്നത്. സ്പാസ്റ്റിക് കോളോണ്‍, ഇറിറ്റബിള്‍ കോളോണ്‍, മ്യൂകസ് കോളൈറ്റിസ്, സ്പാസ്റ്റിക് കോളൈറ്റിസ് എന്നിങ്ങനെയും ഐബിഎസിനെ വിളിക്കാറുണ്ട്.
ലക്ഷണങ്ങള്‍
വയര്‍ വേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്ലറ്റില് പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട്, ഭാരം കുറയല്‍ എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. മലബന്ധത്തോട് കൂടിയത്, വയറിളക്കത്തോട് കൂടിയത്, ഇവ രണ്ടും ചേര്‍ന്നത് എന്നിങ്ങനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം പല തരത്തിലുണ്ട്. 2020ല്‍ നടന്ന പഠനം അനുസരിച്ച് ആഗോളതലത്തില്‍ പത്തില്‍ ഒരാള്‍ക്ക് ഐബിഎസ് ഉണ്ടാകുന്നു.
തലച്ചോറും കുടലുകളും തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറുന്ന നാഡീവ്യൂഹങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം ശരീരം ചിലപ്പോള്‍ ദഹനപ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങളോട് അമിതമായി പ്രതികരിക്കും. ഇത് അതിസാരത്തിലേക്കും മലബന്ധത്തിലേക്കും ഗ്യാസ് കെട്ടലിലേക്കും നയിക്കാം. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം. കുടലില്‍ ബാക്ടീരിയയുടെ അമിതവളര്ച്ചയാകാം മറ്റൊരു കാരണം.വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതത്തിലുണ്ടാകുന്ന അമിതമായ സമ്മര്‍ദം ഐബിഎസിലേക്ക് നയിക്കാറുണ്ട്.വയറില്‍ മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകള്‍ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം.ഗോതമ്പ്, പാല്, സിട്രസ് പഴങ്ങള്‍, ബീന്‍സ്, കാബേജ്, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍ എന്നിവയോടുള്ള ശരീരത്തിന്റെ പ്രതികരണവും ചിലപ്പോള്‍ ഐബിഎസിന് കാരണമാകാം. പഞ്ചസാരയോ എണ്ണയോ എരിവോ കൂടുതല്‍ അടങ്ങിയ ഭക്ഷണവും ചിലപ്പോള്‍ പ്രശ്നങ്ങള്‍ വഷളാക്കാം. ഗ്ലൂട്ടന്‍ പോലുള്ള ഭക്ഷണത്തിലെ ഘടകങ്ങളും അലര്‍ജിക്കും ഐബിഎസിനും കാരണമാകാം. ബീന്‍സ്, കാബേജ്, പാലുത്പന്നങ്ങള്‍, അമിതമായ കൊഴുപ്പ്, ഡീപ് ഫ്രൈ ചെയ്ത ഭക്ഷണം, കഫൈന്‍, മദ്യം, കൃത്രിമ മധുരം തുടങ്ങിയവ ഐബിഎസ് രോഗികള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിതമായ തോതിലുള്ള ഫൈബറും ചിലപ്പോള്‍ പ്രതികൂലഫലം ഉണ്ടാക്കിയേക്കാം. ഐബിഎസ് രോഗികള്‍ ഷുഗര്‍ ഫ്രീ ചൂയിങ് ഗമ്മുകള്‍ ഉപയോഗിക്കരുതെന്ന് ജോണ്‍ ഹോപ്കിന്‍സിലെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്നു സോര്‍ബിറ്റോള്‍, സൈലിറ്റോള്‍ തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ അതിസാരത്തിന് കാരണമാകാം. ചൂയിങ് ഗം ഉപയോഗം വയറില്‍ ഗ്യാസ് കെട്ടാനും വഴിവയ്ക്കാം.
ഐബിഎസ് ബാധിതര്‍ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വലിയ അളവില്‍ ഭക്ഷണം ഒരു നേരം കഴിക്കാതെ ലഘു ഭക്ഷണങ്ങളായി ചെറിയ ഇടവേളകളില്‍ കഴിക്കണം. പ്രോബയോട്ടിക്കുകള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കും.അലസമായ ജീവിതശൈലി ഐബിഎസിന്റെ വര്ധിപ്പിക്കുമെന്നതിനാല് പതിവായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കുന്നതും പ്രാണായാമം, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദം ലഘൂകരിക്കുന്നതും ഐബിഎസ് ആഘാതം കുറയ്ക്കും.